Idukki local

മുല്ലപ്പെരിയാര്‍ ഡാം: കണ്‍ട്രോള്‍ റൂമുകള്‍ കാര്യക്ഷമമല്ലെന്ന് പരാതി

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രഹസനമെന്ന് ആക്ഷേപം. മഞ്ചുമല, വള്ളക്കടവ് കണ്‍ട്രോള്‍ റൂമുകളാണ് കാര്യക്ഷമല്ലാത്തത്. മഞ്ചുമല വില്ലേജ് ഓഫിസിലെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സൗകര്യം മാത്രമെ ഉള്ളു.
ഇവിടുത്തെ ഉച്ചഭാഷിണി പ്രവര്‍ത്തന യോഗ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതിന്റെ അനുബന്ധ ഉപകരണങ്ങള്‍ കേടുവന്ന നിലയിലാണ്. ഉച്ചഭാഷിണിയുടെ കോളാമ്പി മോഷണം പോയിട്ട് ഒരു വര്‍ഷം പിന്നിട്ടു. വള്ളക്കടവ് ഫോറസ്റ്റ് ഓഫിസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നണ്ടെങ്കിലും ജീവനക്കാരെ ഇനിയും നിയമിച്ചിട്ടില്ല. ബിഎസ്എന്‍എല്‍ ഫോണ്‍ മാത്രമാണ് ഇവിടുത്തെ ഉപകരണം. വയര്‍ലസ് ഫോണുകള്‍ കൈകാര്യം ചെയ്യുന്ന വനംവകുപ്പ് ജീവനക്കാരന്‍ ഇവിടെയുണ്ടെന്നതാണ് ആശ്വാസം പകരുന്നത്. ഡാമിന്റെ തീരപ്രദേശങ്ങളായ വള്ളക്കടവ്, ചപ്പാത്ത്, കറുപ്പ്പാലം തുടങ്ങിയ പ്രദേശങ്ങളില്‍ വഴിവിളക്കകള്‍ പോലും ഇതുവരെ ശരിയാക്കിയിട്ടില്ല. ഇവയൊക്കെ കാര്യക്ഷമമാക്കിയാല്‍ മാത്രമേ കണ്‍ട്രോള്‍ റൂമുകള്‍ ഉപകാരപ്രദമാവൂ.
അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരദേശത്ത് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരത്തുന്നതിനു എഡിഎംകെ കെ ആര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ അവലോകന യോഗം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വണ്ടിപ്പെരിയാര്‍ മുതല്‍ വള്ളക്കടവ്, ഉപ്പുതറ, ചപ്പാത്ത് എന്നിവിടങ്ങളിലായി 260 ഓളം ലൈറ്റുകള്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. പൊളിഞ്ഞു കിടക്കുന്ന മുഴുവന്‍ റോഡുകളും ഉടന്‍ തന്നെ സഞ്ചാര യോഗ്യമാക്കും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി വള്ളക്കടവ് വഞ്ചിവയല്‍ സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വണ്ടിപ്പെരിയാര്‍, 63ാം മൈല്‍ സര്‍ക്കാര്‍ പോളിടെക്‌നിക് എന്നിവിടങ്ങളിലാണ് ഷെല്‍ട്ടറുകള്‍ തുറക്കുക.
സ്വകാര്യ തേയില തോട്ടങ്ങളിലെ കമ്പിവേലികള്‍ ആവശ്യപ്പെട്ടാല്‍ പൊളിച്ച് മാറ്റണമെന്നു എഡിഎം നിര്‍ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പെരിയാര്‍ തീരത്ത് വസിക്കുന്ന രണ്ടായിരത്തോളം ആളുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായി.
Next Story

RELATED STORIES

Share it