മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142

എ അബ്ദുല്‍സമദ്

കുമളി (ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിനെ തുടര്‍ന്നു സ്പില്‍വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കേരളത്തിലേക്കു തുറന്നുവിട്ടു. ഷട്ടറുകളിലൂടെ 4200 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപത്തെ സ്പില്‍വേയിലെ ഒന്നിടവിട്ടുള്ള എട്ടു ഗേറ്റുകള്‍ ഉയര്‍ത്തിയാണ് പെരിയാറിലേക്ക് വെള്ളം ഒഴുക്കിയത്. തമിഴ്‌നാട്ടിലേക്ക് 2000 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. ഷട്ടര്‍ ഉയര്‍ത്തുന്നതുവരെ നീരൊഴുക്കു സംബന്ധിച്ച വ്യക്തമായ കാര്യങ്ങള്‍ തമിഴ്‌നാട് കേരളത്തെ അറിയിച്ചിരുന്നില്ല. അതിനാല്‍ താഴ്‌വരയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കേരളത്തിനായില്ല. ഇന്നലെ വൈകീട്ട് 8 മണിയോടെയാണ് ജലനിരപ്പ് 142 കടന്നത്.
മുല്ലപ്പെരിയാറിലേക്ക് സെക്കന്‍ഡില്‍ 5000 ഘനയടിയാണ് നീരൊഴുക്ക്. തമിഴ്‌നാടിന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ടാണ് പെരിയാറിലേക്ക് വെള്ളം തുറന്നുവിടേണ്ടിവന്നത്. മുല്ലപ്പെരിയാറിലെ വെള്ളം തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ സംഭരിക്കാനുള്ള പദ്ധതികള്‍ തമിഴ്‌നാട് ആവിഷ്‌കരിച്ചെങ്കിലും പാഴാവുകയായിരുന്നു.
സുപ്രിംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് 2014 നവംബര്‍ 21നാണ് ഇതിനു മുമ്പ് തമിഴ്‌നാട് ജലനിരപ്പ് 142 അടിയില്‍ എത്തിച്ചത്. തമിഴ്‌നാട് പൊതുമരാമത്തു ചീഫ് എന്‍ജിനീയര്‍ അണക്കെട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ക്കു മുകളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ വൈകീട്ടോടെ തമിഴ്‌നാട് പൂര്‍ത്തിയാക്കി. എന്നാല്‍, കേരളം പല തവണ ആവശ്യപ്പെട്ടിട്ടും ഫഌഡ് കണ്‍ട്രോള്‍ പട്ടിക നല്‍കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഇരച്ചില്‍പാലം വഴി കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഇതിനിടെ, അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടര്‍ കുമളിയില്‍ വിളിച്ചുചേര്‍ത്തു.
ജലനിരപ്പ് ഉയര്‍ന്നെങ്കിലും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി ജെ ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 206 കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുമെന്നും കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് 142 അടിയില്‍ താഴെയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു.
അതേസമയം, ഷട്ടറുകള്‍ തുറന്നതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it