മുല്ലപ്പെരിയാര്‍: ഉപസമിതിയുടെ പരിശോധന ഇന്നു തുടങ്ങും

എ അബ്ദുല്‍സമദ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.1 അടി പിന്നിട്ട പശ്ചാതലത്തില്‍ ഉപസമിതിയുടെ മൂന്നു ദിവസത്തെ പരിശോധന ഇന്ന് ആരംഭിക്കും. സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി 30നു അണക്കെട്ടു സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായാണ് ഉപസമിതിയുടെ പരിശോധന. ഈ മാസം 6നാണ് അവസാനമായി ഉപസമിതി മുല്ലപ്പെരിയാറില്‍ പരിശോധനയ്ക്ക് എത്തിയത്. ആദ്യമായാണ് ഉപസമിതി തുടര്‍ച്ചയായി മൂന്നു ദിവസം പരിശോധന നടത്തുന്നത്.
ജലനിരപ്പ് 138.1 അടിയായതോട സെക്കന്‍ഡില്‍ 1394 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്കുള്ള ഇപ്പോഴത്തെ നീരൊഴുക്ക്. 511 ഘനയടി മാത്രമാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മുല്ലപ്പെരിയാര്‍ മേഖലയില്‍ മഴ ലഭിച്ചിരുന്നില്ല.
ഇന്നു രാവിലെ മുല്ലപ്പെരിയാറിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ഇന്‍സ്‌പെക്ഷന്‍ ഗാലറികള്‍, ബേബി ഡാം, സ്പില്‍വേ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. പ്രധാന അണക്കെട്ടില്‍ നിന്നു പുറത്തേക്കൊഴുകുന്ന സ്വീവേജ് വെള്ളത്തിന്റെ അളവ് പരിശോധിക്കും. അടുത്ത രണ്ടു ദിവസങ്ങളിലും രാസപരിശോധനയ്ക്കായി സ്വീവേജ് വെള്ളത്തിന്റെ സാംപിളും ഉപസമിതി ശേഖരിക്കും. ഗ്യാലറിക്കുള്ളില്‍ മര്‍ദം രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പരിശോധനയും നടത്തും. ഇതുമായി ബന്ധപ്പെട്ട് നാല്‍പതോളം ഉപകരണങ്ങളാണ് അണക്കെട്ടിനുള്ളില്‍ സ്ഥാപിച്ചത്. ഇവ പ്രവര്‍ത്തനക്ഷമമാണെന്ന് കഴിഞ്ഞ ഉപസമിതി യോഗത്തില്‍ തമിഴ്‌നാട് അറിയിച്ചിരുന്നു. എന്നാല്‍, ജലനിരപ്പ് 136 അടി പിന്നിട്ടതോടെ സ്പില്‍വേ ഗേറ്റുകള്‍ ഉയര്‍ത്തി ഇതിന്റെ ക്ഷമത ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല.
വരുംദിവസങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടികളാകും പ്രധാനമായും മേല്‍നോട്ട സമിതി ചര്‍ച്ച ചെയ്യുക. കഴിഞ്ഞ ജൂണ്‍ 22നാണ് ഇതിനു മുമ്പ് മേല്‍നോട്ട സമിതി അണക്കെട്ടിലെത്തി പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it