മുരളിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയില്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍നിന്നു വിജയിച്ച കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍.
ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായി വരണാധികാരി പത്രിക സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ മുഴുവന്‍ ആസ്തിയും വരവും ബാധ്യതയും കാണിക്കണമെന്നുണ്ടെന്നും എന്നാല്‍, മുരളീധരന്‍ മാനേജിങ് ഡയറക്ടറായ ജനപ്രിയ കമ്മ്യൂണിക്കേഷന്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിട്ടേണിലെ സാമ്പത്തിക ബാധ്യതകളെയോ വരവിനെയോ കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ലെന്നുമാരോപിച്ചാണ് ഹരജി. ഇതേ കമ്പനിയില്‍ നിന്ന് മാനേജ്‌മെന്റിലെ പ്രധാന വ്യക്തിയെന്ന നിലയി ല്‍ നല്‍കിയിട്ടുള്ളതായാണ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാ ല്‍, പണം കൈപ്പറ്റിയ കാര്യം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ല.
ജനപ്രിയ കമ്മ്യൂണിക്കേഷനിലെ പ്രധാന ഓഹരി ഉടമ എന്ന നിലയില്‍ മുരളീധരന്‍ 3.39 കോടി രൂപ നിക്ഷേപിച്ചത് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ജനപ്രിയ കമ്മ്യൂണിക്കേഷനില്‍ നിന്ന് കെട്ടിട വാടകയിനത്തില്‍ 16.85 ലക്ഷം കൈപ്പറ്റിയത് വരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ മുരളീധരന് വ്യക്തിഗത വായ്പയായി 2.28 കോടി രൂപ ലഭിച്ചത് കമ്പനി നിയമപ്രകാരം സാധ്യമാവില്ലെന്നും ഹരജിയില്‍ പറയുന്നു.
ജനപ്രാതിനിധ്യ നിയമ പ്രകാരം തള്ളേണ്ട പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി നിയമലംഘനമാണ്. ഈ സാഹചര്യത്തില്‍ മുരളീധരന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it