മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് (79) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ 9.10ഓടെയായിരുന്നു അന്ത്യം. ഡിസംബര്‍ 24ന് എയിംസില്‍ പ്രവേശിപ്പിച്ച സഈദിന്റെ നില വഷളായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രി വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
പ്രാഥമിക നടപടികള്‍ക്കു ശേഷം ഭൗതിക ശരീരം ഡല്‍ഹിയില്‍ നിന്ന് ആകാശമാര്‍ഗം കശ്മീരില്‍ എത്തിച്ചു പൊതുദര്‍ശനത്തിനു ശേഷം ജന്മദേശമായ ദക്ഷിണ കശ്മീരിലെ ബിജ്‌ബെഹറയില്‍ സംസ്‌കരിച്ചു.
1936 ജനുവരി 12നു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയില്‍ ജനിച്ച മുഫ്തി മുഹമ്മദ് സഈദ് ഡെമോക്രാറ്റിക് നാഷനല്‍ കോണ്‍ഫറന്‍സിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. 1962ല്‍ നിയമസഭാംഗമായ ഇദ്ദേഹം 1975ല്‍ കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ കേന്ദ്രമന്ത്രിയായിരിക്കെ കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ചു. പിന്നീട് വി പി സിങിന്റെ ജനമോര്‍ച്ച പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ വി പി സിങ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി. രാജ്യത്തെ പ്രഥമ മുസ്‌ലിം ആഭ്യന്തരമന്ത്രിയാണ് സഈദ്.
പി വി നരസിംഹറാവുവിന്റെ കാലത്ത് വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ കോണ്‍ഗ്രസ് വിട്ടു. 1999ല്‍ മകള്‍ മെഹ്ബൂബ മുഫ്തിക്കൊപ്പം ചേര്‍ന്നു ജമ്മു-കശ്മീര്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) രൂപീകരിച്ചു. തുടര്‍ന്നു 2002 മുതല്‍ 2005 വരെ കോണ്‍ഗ്രസ് പിന്തുണയോടെ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായി. പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം ബിജെപിയുമായി ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് വീണ്ടും കശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2014ലെ തിരഞ്ഞെടുപ്പില്‍ അനന്ത്‌നാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അവസാനമായി ജമ്മു-കശ്മീര്‍ നിയമസഭയില്‍ എത്തിയത്.
മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോകുന്നതിനായി ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ എയിംസിലെത്തിയിരുന്നു.
അതേസമയം, കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയായി സഈദിന്റെ മകളും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ഉടനെ ചുമതലയേല്‍ക്കും. മെഹ്ബൂബയെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത പിഡിപി അംഗങ്ങള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് അവരെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കി. സഖ്യകക്ഷിയായ ബിജെപി എതിര്‍പ്പ് ഉന്നയിക്കാത്ത സാഹചര്യത്തില്‍ കശ്മീരിന്റെ 13ാം മുഖ്യമന്ത്രിയായി മെഹ്ബൂബ ചുമതലയേല്‍ക്കുമെന്ന് ഉറപ്പായി.
Next Story

RELATED STORIES

Share it