മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരേ ഉപസമിതി; കോളജുകള്‍ അനുവദിച്ചതിലും എയ്ഡഡ് പദവി നല്‍കിയതിലും ക്രമക്കേട്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പുതുതായി കോളജുകള്‍ അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നതായി മന്ത്രിസഭാ ഉപസമിതി. നിലവിലുള്ള കോളജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതും ക്രമവിരുദ്ധമായാണെന്ന് എ കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ആരോഗ്യവകുപ്പില്‍ നടപ്പാക്കിയ പല പദ്ധതികളും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നു സമിതി സംശയം പ്രകടിപ്പിച്ചു.
റവന്യൂ വകുപ്പിലെ ഉത്തരവുകളില്‍ വ്യാപക ക്രമക്കേടു നടന്നതായി നേരത്തെ വിലയിരുത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം എന്നീ നാലു വകുപ്പുകളിലെ തീരുമാനങ്ങളാണു സമിതി ഇന്നലെ പരിശോധിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ 19 തീരുമാനങ്ങള്‍ പരിശോധിച്ചതില്‍ കൂടുതലും ചട്ടവിരുദ്ധമാണെന്നു ബോധ്യപ്പെട്ടു.
ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷ ദൈവസഭയുടെ (പിആര്‍ഡിഎസ്) കോളജിന് ചട്ടവിരുദ്ധമായി ഒരുകോടി രൂപ അനുവദിച്ചു. എയ്ഡഡ് കോളജിന് ഇത്രയും വലിയ തുക എന്തിന് അനുവദിച്ചുവെന്നതില്‍ വ്യക്തതയില്ലെന്നാണു വിലയിരുത്തല്‍. മതസാമുദായിക മാനേജ്‌മെന്റുകള്‍ക്ക് എയ്ഡഡ് കോളജ് അനുവദിച്ചതും ക്രമവിരുദ്ധം തന്നെ. അറബിക് സ്‌കൂള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജായി ഉയര്‍ത്തിയപ്പോള്‍ വന്‍തോതില്‍ തസ്തികകള്‍ സൃഷ്ടിച്ചു. ഇതില്‍ അഴിമതിയുണ്ടോയെന്നു സംശയമുണ്ട്. വന്‍തോതില്‍ നിയമനങ്ങള്‍ നടത്താന്‍ വേണ്ടിയാണ് കോളജുകള്‍ക്ക് ആര്‍ട്‌സ് ആന്റ് സയന്‍സ് പദവി നല്‍കിയത്. വകുപ്പ് സെക്രട്ടറി തന്നെ തീരുമാനങ്ങളില്‍ എതിര്‍പ്പു രേഖപ്പെടുത്തിയെന്നും പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ഫെബ്രുവരി 10ന് 12 എയ്ഡഡ് കോളജുകള്‍ അനുവദിച്ചതും ചട്ടവിരുദ്ധമായാണ്. സ്‌പെഷ്യല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ടതാണു പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്രമക്കേടുകള്‍ ഏറെയും.
ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലും അക്രഡിറ്റ് ചെയ്തതിലും ചട്ടലംഘനം കണ്ടെത്തി. ഇതുസംബന്ധിച്ച ലോകായുക്ത റിപോര്‍ട്ട് കൂടി കണക്കിലെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഉപസമിതിയുടെ ധാരണ. ആരോഗ്യവകുപ്പിലെ ചില തീരുമാനങ്ങളിലും സമിതി സംശയം പ്രകടിപ്പിച്ചു. ആരോഗ്യവകുപ്പില്‍ തിരുവനന്തപുരം ജില്ലയ്ക്കായി നടപ്പാക്കിയ പല പദ്ധതികളും ചട്ടം ലംഘിച്ചുള്ളതാണ്. ക്രമവിരുദ്ധ റിപോര്‍ട്ട് സംബന്ധിച്ചു വകുപ്പ് സെക്രട്ടറിമാരോടും നിയമസെക്രട്ടറിയോടും വിശദീകരണം തേടി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് റവന്യൂ വകുപ്പ് എടുത്ത തീരുമാനങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിരുന്നു. 2016 ജനുവരി ഒന്നുമുതല്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളാണു പരിശോധിച്ചത്. മെത്രാന്‍ കായല്‍, ഹോം പ്ലാന്റേഷന്‍, കരുണ എസ്‌റ്റേറ്റ് തുടങ്ങിയവ സംബന്ധിച്ച ഉത്തരവുകളെല്ലാം ചട്ടങ്ങള്‍ നഗ്‌നമായി ലംഘിച്ചുള്ളതാണെന്നും ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it