Alappuzha local

മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കു നേരെ സിപിഎമ്മുകാരുടെ ആക്രമണം

അമ്പലപ്പുഴ: സിപിഎം ഓഫിസിനു മുന്നില്‍ നിരാഹാരം കിടക്കാനെത്തിയ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ഇദ്ദേഹത്തെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു നീക്കി. സിപിഎം തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ എം സാലിക്കു നേരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ഒരു മാസം മുമ്പ് സാലിയെ ലോക്കല്‍ കമ്മിറ്റിയംഗം, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം എന്നിവയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
തനിക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നപ്പോള്‍ താന്‍ പാര്‍ട്ടിക്കുവേണ്ടി ചെലവഴിച്ച 50000 രൂപ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സാലി ഇന്നലെ തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നില്‍ നിരാഹാരം ആരംഭിക്കാന്‍ തീരുമാനിച്ചത്. നിരാഹാരം കിടക്കാനെത്തുന്ന സാലിയെ തടയാനായി സിപിഎം ഏരിയാ സെക്രട്ടറി എ ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ 20ലധികം പ്രവര്‍ത്തകര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ നില്‍പ്പുണ്ടായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമ്പലപ്പുഴ സിഐ എസ് ഡാനി, എസ്‌ഐ പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസും നിലയുറപ്പിച്ചിരുന്നു. കൊട്ടാരവളവിലെ തന്റെ വീട്ടില്‍ നിന്ന് പാര്‍ട്ടിക്കൊടിയും പ്ലക്കാര്‍ഡും പായും തലയിണയുമേന്തി ലോക്കല്‍ കമ്മിറ്റി ഓഫിസിലേക്കു നടന്നുവന്ന സാലിയെ എല്‍സി ഓഫിസിനു തെക്കു ഭാഗത്ത് ലിറ്റില്‍വേ ജങ്ഷനില്‍ വച്ച് ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.
സാലിയുടെ കൈയിലുണ്ടായിരുന്ന കൊടി ബലമായി പിടിച്ചുവാങ്ങുകയും ആക്രമിക്കുകയുമായിരുന്നു. ഉടന്‍തന്നെ പോലിസ് അറസ്റ്റ് ചെയ്തു വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ തോട്ടപ്പള്ളിയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് ഇടപെടുകയായിരുന്നു.
റോഡ് ഉദ്ഘാടന വേദിയില്‍ തോട്ടപ്പള്ളിയില്‍ വച്ച് ജി സുധാകരന്‍ എംഎല്‍എ സാലിയുടെ ഭാര്യയും ബ്രാഞ്ച് സെക്രട്ടറിയുമായ ഉഷാ സാലിയെ വിമര്‍ശിച്ചത് വിവാദമായിരുന്നു.
ഇതിനു ശേഷം സാലിയെയും ഉഷാ സാലിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു ഉഷാ സാലി.
Next Story

RELATED STORIES

Share it