palakkad local

മുന്‍ നഗരസഭാ കൗണ്‍സിലര്‍ അനിശ്ചിതകാല നിരാഹാരത്തില്‍

പാലക്കാട്: സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് മുന്‍ നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കിദര്‍മുഹമ്മദ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ഡിസിസി അംഗവും 2005ല്‍ നഗരസഭ കൗണ്‍സിലുമായിരുന്ന കിദര്‍ മുഹമ്മദാണ് ചെറിയ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. ഐ ഗ്രൂപ്പില്‍പ്പെട്ട കിദര്‍ മുഹമ്മദിന് ജില്ലാ നേതൃത്വം ഇത്തവണ 23ാം വാര്‍ഡില്‍  സ്ഥാനാര്‍ഥിത്വം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ താല്‍പര്യപ്രകാരം അവസാനനിമിഷം സ്ഥാനാര്‍ഥിത്വം നിഷേധിക്കുകയായിരുന്നുവെന്നാണ് കിദര്‍ കുറ്റപ്പെടുത്തുന്നത്.

രമേശ് ചെന്നിത്തലയും കിദര്‍ മുഹമ്മദിന് സീറ്റ് നല്‍കുന്നതിന് ഡിസിസി നേതൃത്വത്തോടാവശ്യപ്പെട്ടെങ്കിലും എംഎല്‍എയുടെ കടുപിടുത്തം മൂലം ഐ ഗ്രൂപ്പിലെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവത്രെ. ഒരാളും മല്‍സരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും പകരം തനിക്ക് വാക്ക് നല്‍കിയശേഷം പിന്നീട് അത് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും കിദര്‍ പറഞ്ഞു. 23ാം വാര്‍ഡില്‍ കിദര്‍ മുഹമ്മദ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കണമെന്നതാണ് കിദര്‍ മുഹമ്മദിന്റെ ആവശ്യം. അതേസമയം കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലും കിദര്‍ മുഹമ്മദ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ നോമിനിയെ സ്ഥാനാര്‍ഥിയാക്കിയിരുന്നു.
Next Story

RELATED STORIES

Share it