മുന്‍ എംപി കെ അനിരുദ്ധന്റെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന കെ അനിരുദ്ധന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായാരുന്നു സംസ്‌കാരം. ഞായറാഴ്ച രാത്രി 11.30ന് വഴുതക്കാട് മകന്‍ എ സമ്പത്ത് എംപിയുടെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു.
മരണസമയത്ത് ഭാര്യ സുധര്‍മ, മക്കളായ ഡോ. എ സമ്പത്ത് എംപി, എ കസ്തൂരി എന്നിവര്‍ അടുത്തുണ്ടായിരുന്നു. മൃതദേഹം ഇന്നലെ 11 മണിവരെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും ഒരു മണിയോടെ വിജെടി ഹാളിലും പൊതുദര്‍ശന—ത്തിന് വച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
തിരുവനന്തപുരം ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കെ അനിരുദ്ധന്‍. 1963ലും 65ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1965ലെ ജയില്‍ വാസത്തിനിടെയാണ് ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെയാണ് അനിരുദ്ധന്‍ പരാജയപ്പെടുത്തിയത്. 1967ല്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് ആര്‍ ശങ്കറിനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 79ലെ ഉപതിരഞ്ഞെടുപ്പിലും 80ലും നിയമസഭാംഗമായി. കെ അനിരുദ്ധന്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിശ്വമേഖല, വിശ്വകേരളം എന്നിവയുടെ പത്രാധിപരായിരുന്നു. മരുമക്കള്‍ ലിസി സമ്പത്ത്, ലളിത കസ്തൂരി.
Next Story

RELATED STORIES

Share it