thiruvananthapuram local

മുന്‍സിപാലിറ്റികള്‍ക്ക് അധ്യക്ഷന്‍മാരായി; ഭരണം എല്‍ഡിഎഫിന്‌

വര്‍ക്കല/ നെടുമങ്ങാട്/ആറ്റിങ്ങല്‍: നഗരസഭാ അധ്യക്ഷന്‍മാരെയും ഉപാധ്യക്ഷന്‍മാരെയും തിരഞ്ഞെടുത്തു. വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സനായി എല്‍ഡിഎഫിലെ ബിന്ദു ഹരിദാസും വൈസ്‌ചെയര്‍മാനായി എസ് അനിജോയിയും സത്യപ്രതിജ്ഞ ചെയ്തു.
സിപിഎം നേതാവ് ചെറ്റച്ചല്‍ സഹദേവനാണ് നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍. സിപിഐയിലെ ലേഖാ വിക്രമനാണ് വൈസ്‌ചെയര്‍പേഴ്‌സന്‍. എം പ്രദീപാണ് ആറ്റിങ്ങല്‍ നഗരസഭാധ്യക്ഷന്‍. 22 വോട്ടുകള്‍ പ്രദീപ് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ  യുഡിഎഫിലെ അനില്‍കുമാറിന് അഞ്ചു വോട്ടും ബിജെപിയുടെ പത്മനാഭന് നാലു വോട്ടും ലഭിച്ചു.  വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ രേഖ വിജയിച്ചു.

രേഖയ്ക്ക് 22 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിലെ ഗീതാ കുമാരിയ്ക്ക് അഞ്ച് വോട്ടും ബിജെപിയുടെ സ്വപ്‌ന നാലുവോട്ടും നേടി. യുഡിഎഫിലെ കെ ജെ ബിനുവിനെതിരേ 22 വോട്ടുകള്‍ നേടിയാണ് ചെറ്റച്ചല്‍ സഹദേവന്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍മാനായത്.  നഗരസഭയിലെ വോട്ടിങ് നില: എല്‍ഡിഎഫ് 22, യുഡിഎഫ് 13, ബിജെപി നാല്. ഇന്നലെ രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 19 വോട്ടുകള്‍ നേടിയാണ് ബിന്ദു ഹരിദാസ് വര്‍ക്കല ചെയര്‍പേഴ്‌സനായത്. സ്വതന്ത്രന്‍ സലീമും എല്‍ഡിഎഫിനെ പിന്തുണച്ച് വോട്ടുചെയ്തു. ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ഥിയായി ബിന്ദു ഹരിദാസിനെ നിര്‍ദേശിച്ചത് എല്‍ഡിഎഫിലെ എസ് ബിന്ദുവാണ്. എസ് സുലേഖ പിന്താങ്ങി.

എതിര്‍സ്ഥാനാര്‍ഥികളായി മല്‍സരിച്ച യുഡിഎഫിലെ എസ് ജയശ്രീക്ക് 11 വോട്ടുകളും ബിജെപിയിലെ പ്രിയാ ഗോപന് മൂന്നുവോട്ടുകളും ലഭിച്ചു. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യാന്‍ അതതു പാര്‍ട്ടികളിലെ ജില്ലാ പ്രസിഡന്റുമാര്‍ പുറപ്പെടുവിച്ച വിപ്പും വരണാധികാരി വായിച്ചു. സിപിഐയും ആര്‍എസ്പിയും വിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. എങ്കിലും സിപിഐ കൗണ്‍സിലര്‍ ഷിജിമോള്‍ എല്‍ഡിഎഫിനും ആര്‍എസ്പി കൗണ്‍സിലര്‍ അഡ്വ. നീതു മോഹന്‍ യുഡിഎഫിനും വോട്ടുചെയ്തു.

സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ എ സലീം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തത്. രാവിലെ 11ന് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് കൗണ്‍സില്‍ ഹാളില്‍ എത്തിയ ഡോ. എ സമ്പത്ത് കക്ഷിഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് സുന്ദരേശന്‍, ഏരിയാ സെക്രട്ടറി അഡ്വ. ഷാജഹാന്‍, ഡിസിസി സെക്രട്ടറി പി എം ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം വി രഞ്ജിത്ത് എന്നിവര്‍ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു.
ഉച്ചയ്ക്ക് രണ്ടിനു നടന്ന വൈസ്‌ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും സിപിഎമ്മിലെ എസ് അനിജോ തിരഞ്ഞെടുക്കപ്പെട്ടു.
അനിജോയ്ക്ക് 19 വോട്ട് ലഭിച്ചു. വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച വൈ ഷാജിക്ക് 11 വോട്ടും ബിജെപിയുടെ സ്വപ്‌നാ ശേഖറിന് മൂന്നു വോട്ടുകളും ലഭിച്ചു.
Next Story

RELATED STORIES

Share it