മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചത് രണ്ടിടത്തു മാത്രം; റേഷന്‍കാര്‍ഡ് വൈകും 

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ റേഷന്‍കാര്‍ഡ് വിതരണം ഈ മാസം പകുതിയോടടുത്ത് മാത്രം. തിരുത്തല്‍ പ്രക്രിയയില്‍ കാലതാമസം നേരിട്ടതും നിയമസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടക്കുന്നതുമാണ് കാരണം.
നിലവിലെ ബിപിഎല്‍ വിഭാഗത്തിന് പകരം സംവിധാനമായ മുന്‍ഗണനാ പട്ടിക ഇതുവരെ രണ്ട് താലൂക്കുകളില്‍ മാത്രമാണ് പ്രസിദ്ധീകരിക്കാനായത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലും എറണാകുളം ജില്ലയിലെ കൊച്ചിയിലുമാണിത്. അവശേഷിക്കുന്ന താലൂക്കുകളില്‍ മുന്‍ഗണനാ പട്ടിക വിതരണം വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് അധികൃതരുടെ വാദം. 81 താലൂക്കുകളാണ് കേരളത്തിലുള്ളത്. പട്ടികയുടെ പ്രിന്റിങ് സി-ഡിറ്റിന്റെ കീഴില്‍ നടന്നുവരുന്നതേയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ പ്രിന്റിങ് തീരാന്‍ രണ്ടോ മൂന്നോ മാസങ്ങളെടുക്കുമെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ പട്ടികയിലുള്ള അപ്പീല്‍ കേട്ട ശേഷം തിരുത്തല്‍ വരുത്തി പുതിയ കാര്‍ഡ് ഉപഭോക്താവിന്റെ കൈകളിലെത്താന്‍ ജൂണ്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.
നേരത്തേ സാമ്പത്തിക പ്രതിസന്ധി മൂലവും പ്രിന്റിങ് മുടങ്ങിയിരുന്നു. കാര്‍ഡ് പുതുക്കുന്നതിനു കരാര്‍ എടുത്ത സി-ഡിറ്റിന് പണം നല്‍കാതിരുന്നതായിരുന്നു കാരണം. കരാര്‍ പ്രകാരമുള്ള പണം കിട്ടാതെ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയുമായി സഹകരിക്കാനാവില്ലെന്ന് വ്യക്തമാക്കി സി-ഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഭക്ഷ്യവകുപ്പിനു കത്ത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഈ പ്രശ്‌നം ഏകദേശം പരിഹരിച്ചുവന്നപ്പോഴാണ് അടുത്ത പ്രതിസന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മുന്‍ഗണനാ പട്ടികയിന്‍മേലുള്ള പരാതികള്‍ കേള്‍ക്കാന്‍ തടസ്സമുണ്ട്. അഞ്ചു ജില്ലകളിലെ സപ്ലൈ ഓഫിസര്‍മാര്‍ റിട്ടേണിങ് ഓഫിസര്‍മാരാണ്. ഇതോടൊപ്പം അപ്പീല്‍ കേള്‍ക്കാനുള്ള കമ്മിറ്റിയംഗങ്ങളില്‍ പലര്‍ക്കും തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഇതിനോടകം ചുമതല ലഭിച്ചുകഴിഞ്ഞു. ഇതൊക്കെ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പുതുക്കല്‍ നടപടികളെ ബാധിക്കാത്ത വിധത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നടത്തണമെന്ന് അഭ്യര്‍ഥിച്ച് വകുപ്പ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മുമ്പ് കടകളിലെത്തിച്ച് വീടുകളില്‍ വിതരണം ചെയ്ത തിരുത്തല്‍ ഫോമുകള്‍ തിരികെ ലഭിക്കാന്‍ വൈകിയതാണ് നാല് മാസം നഷ്ടപ്പെടാന്‍ കാരണം. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടയിലും പ്രക്രിയ തുടരുമെങ്കിലും അതിന്റെ വേഗത കുറയും. മുന്‍ഗണനാ പട്ടികയിലെ പരാതികള്‍ പരിഹരിക്കുന്ന മുറയ്ക്ക് അതാത് താലൂക്കുകളില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം.
Next Story

RELATED STORIES

Share it