മുന്നറിയിപ്പുമായി വിമുക്തഭടന്‍മാര്‍

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കായുള്ള വിമുക്തഭടന്‍മാരുടെ സമരം കൂടുതല്‍ ശക്തമാവുന്നു. ഇപ്പോള്‍ നടക്കുന്ന സമരം ഏതുസമയവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വതമാണെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം സമരനേതാക്കള്‍ നല്‍കിയിരിക്കുന്നത്. 150 ദിവസം പിന്നിട്ട ജന്തര്‍മന്ദറിലെ ഉപവാസസമരവേദിയില്‍ ഇന്നലെയും സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്‌സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് നേതാവ് വി കെ ഗാന്ധി പറഞ്ഞു. ഏതു സമയത്തും എവിടെയും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതമാണ് ഇപ്പോള്‍ രാജ്യത്തു നടക്കുന്ന ഈ പ്രക്ഷോഭമെന്ന് അദ്ദേഹം പറഞ്ഞു.
ജന്തര്‍മന്ദറിലെ നിരാഹാരസമരം 150 ദിവസം പൂര്‍ത്തിയാക്കിയ ബുധനാഴ്ച സമരക്കാര്‍ സമരപ്പന്തലിനു സമീപം തങ്ങള്‍ക്കു ലഭിച്ച മെഡലുകള്‍ കത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. സമരക്കാരുടെ ഈ ശ്രമം സമരനേതാക്കളും പോലിസും ബലമായി തടയുകയായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് സമരനേതാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍, ഭാവി സമരപരിപാടികള്‍ എന്തൊക്കെയായിരിക്കുമെന്ന് സമരനേതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. മെഡലുകള്‍ തിരിച്ചേല്‍പ്പിക്കാനായി ദീപാവലിദിനത്തില്‍ രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തിയ 50ഓളം വരുന്ന വിമുക്തഭടന്‍മാരെ റെയില്‍ഭവന് സമീപം വച്ച് പോലിസ് തടഞ്ഞിരുന്നു.
ചൊവ്വാഴ്ച ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലുള്ള 2,000ഓളം വരുന്ന സൈനികര്‍ മെഡലുകള്‍ തിരിച്ചുനല്‍കിയാണ് രണ്ടാംഘട്ട സമരങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഹരിയാനയിലെ പഞ്ച്കുലയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെയാണ് മെഡലുകള്‍ തിരിച്ചുനല്‍കിയത്. പഞ്ചാബിലെ ജലന്ധര്‍, അമൃത്‌സര്‍, പട്യാല, ഹരിയാനയിലെ റോത്തക്, ഹിസ്സാര്‍, അംബാല എന്നിവിടങ്ങളിലും മെഡലുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it