മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതിനെച്ചൊല്ലി സംവാദം: ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു

കുമളി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ കീഴിലുള്ള ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു. അണക്കെട്ടിലെ സന്ദര്‍ശക ഗാലറിയിലൂടെ അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന കണ്ടെത്തി. സന്ദര്‍ശനത്തില്‍ നിന്നും തമിഴ്‌നാടിന്റെ ഒരു പ്രതിനിധി വിട്ടുനിന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറച്ചു നിര്‍ത്തണമെന്ന് ഉപസമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ജലനിരപ്പ് ഉയര്‍ത്താതിരുന്നാല്‍ നീരൊഴുക്കുണ്ടെങ്കില്‍ പോലും അണക്കെട്ടില്‍ വെള്ളം ക്രമീകരിക്കാന്‍ കഴിയുമെന്നും കേരളം യോഗത്തില്‍ അറിയിച്ചു.
എന്നാല്‍ മുന്നറിയിപ്പു നല്‍കിയ ശേഷമാണ് സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നതെന്ന് തമിഴ്‌നാട് വാദിച്ചു. എട്ടു മണിക്ക് ഷട്ടര്‍ തുറന്ന ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്ന് കേരളം രേഖകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി. ഇതോടെ പന്ത്രണ്ട് മണിക്കൂറിനു മുമ്പ് മുന്നറിയിപ്പ് നല്‍കിയ ശേഷമേ ഷട്ടര്‍ തുറക്കുകയുള്ളൂവെന്ന് തമിഴ്‌നാട് യോഗത്തില്‍ ഉറപ്പു നല്‍കി. മഴ ശക്തമാണെങ്കില്‍ പോലും ഇനി മുതല്‍ രാത്രികാലങ്ങള്‍ പരിധിയില്‍ കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നു വിടില്ലെന്ന് തമിഴ്‌നാട് പ്രതിനിധികള്‍ അറിയിച്ചു. കേന്ദ്ര ജലകമീഷന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് തമിഴ്‌നാട് സ്പില്‍വേ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ കേരളത്തിന് കൈമാറുന്നില്ലെന്നും കേരള പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ഉപസമിതി അംഗങ്ങളെ അണക്കെട്ടില്‍ പോവുന്നത് തടഞ്ഞ തമിഴ്‌നാടിന്റെ നടപടിയിലും കേരളം പ്രതിഷേധം അറിയിച്ചു. ഇത്തവണയും കേരളത്തിന്റെ ആവശ്യങ്ങളോട് യോഗത്തില്‍ പ്രതികരിക്കാന്‍ തമിഴ്‌നാട് പ്രതിനിധികള്‍ തയാറായില്ല. മുല്ലക്കുടി വനമേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള മഴമാപിനിയില്‍ നിന്നുള്ള വിവരങ്ങള്‍ തമിഴ്‌നാട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള പ്രതിനിധികള്‍ ശേഖരിച്ച് നല്‍കുകയും ചെയ്തു.
ശനിയാഴ്ചത്തെ സന്ദര്‍ശനത്തില്‍ മിനിറ്റില്‍ 161.059 ലിറ്റര്‍ വെള്ളമാണ് സന്ദര്‍ശക ഗാലറിയിലൂടെ പുറത്തേക്ക് വരുന്നത്. കഴിഞ്ഞ അഞ്ചിന് ജലനിരപ്പ് 141.1 അടിയായിരുന്നപ്പോള്‍ ഉപസമിതി അണക്കെട്ടില്‍ നടത്തിയ പരിശോധനയില്‍ അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 145 ലിറ്ററായിരുന്നു. തിങ്കളാഴ്ച 141.6 അടി ജലമുള്ളപ്പോഴിത് 158 ലിറ്ററായും ഉയര്‍ന്നു. ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 141.30 അടിയായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വീണ്ടും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വീണ്ടും കനത്ത മഴ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it