മുന്നണി മാറില്ലെന്ന് സുധീരന് മന്ത്രി മോഹനന്റെ ഉറപ്പ്

വടകര: വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് തിരിച്ചുപോയാലും തന്റെ നേതൃത്വത്തിലുള്ള ജെഡിയുവിലെ ഭൂരിഭാഗം പ്രവര്‍ത്തകരും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി കെ പി മോഹനന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ അറിയിച്ചു. അതേസമയം വീരേന്ദ്രകുമാറിനെ മുന്നണിയില്‍ നിലനിര്‍ത്താന്‍ കെപിസിസി മുന്‍കൈയെടുക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.
വടകര ഗസ്റ്റ്ഹൗസില്‍ ഇന്നലെ രാവിലെ സുധീരനുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. മുന്നണിമാറ്റത്തെ ചൊല്ലി ജനതാദള്‍ യുവില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കെ കെപി മോഹനന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറും കൂട്ടരും എല്‍ഡിഎഫിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മോഹനന്റെ നിലപാട് നിര്‍ണായകമാണ്. ശനിയാഴ്ച കോഴിക്കോട് നടന്ന പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഇതേ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും യുഡിഎഫില്‍ തുടരണമെന്ന നിലപാടുകാരനാണ്. ഇടതുമുന്നണിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് മോഹനന്റെ നിലപാട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും യുഡിഎഫുമായുള്ള തര്‍ക്കങ്ങളും രമ്യമായി തീര്‍ക്കുന്നതിനു പകരം മുന്നണി മാറ്റം അഭികാമ്യമല്ലെന്ന് മോഹനന്‍ വ്യക്തമാക്കുന്നു. ജെഡിയുവിന് ഏറെ സ്വാധീനമുള്ള മലബാര്‍ മേഖലയില്‍ അണികളെ മുന്നണിമാറ്റം പറഞ്ഞ് വിശ്വസിപ്പിക്കുക എളുപ്പമല്ലെന്നാണ് മോഹനന്റെയും മനയത്ത് ചന്ദ്രന്റെയും നിലപാട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിമാറുന്നത് തത്ത്വാധിഷ്ഠിത നിലപാടില്‍നിന്നുള്ള പാര്‍ട്ടിയുടെ അകലം കൂട്ടുമെന്ന അഭിപ്രായമാണ് മോഹനനെ അനുകൂലിക്കുന്നവര്‍ക്കുള്ളത്.
ജെഡിയു ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസ്സില്‍നിന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും മോഹനന്‍ സുധീരനു മുന്നില്‍ അവതരിപ്പിച്ചു. പാലക്കാട് തോല്‍വി അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തതാണ് വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നണിമാറണമെന്ന നിലപാടില്‍ എത്താന്‍ കാരണമെന്നും മോഹനന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it