മുന്നണിയിലെ സീറ്റ് വിഭജനം: ഫോര്‍മുലയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം/കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളെന്ന അവകാശവാദവുമായി ഘടകകക്ഷികള്‍ രംഗത്തുവന്നതോടെ സീറ്റ് വിഭജനത്തിന് ഫോര്‍മുലയുമായി കോണ്‍ഗ്രസ്. തെക്കന്‍ കേരളത്തില്‍ ആര്‍.എസ്.പിയും മലബാര്‍ മേഖലയില്‍ മുസ്‌ലിംലീഗും ജെ.ഡി.യുവും തര്‍ക്കമുന്നയിച്ച സാഹചര്യത്തിലാണിത്. ഏതു മുന്നണിയില്‍ നിന്നു ജയിച്ചാലും സിറ്റിങ് സീറ്റ് അതാതു കക്ഷികള്‍ക്കെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞതവണ ഓരോ കക്ഷിയും തോറ്റ സീറ്റുകള്‍ ആര്‍ക്കെന്നു തീരുമാനിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്നും നിര്‍ദേശമുണ്ട്.

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച വൈകീട്ട് യു.ഡി.എഫ്. യോഗംചേരും. ചൊവ്വാഴ്ച കൊച്ചിയില്‍ ചേരുന്ന സ്‌പെഷ്യല്‍ കണ്‍വന്‍ഷന് മുന്നോടിയായും ചര്‍ച്ചകളുണ്ടാവും.ഘടകകക്ഷികള്‍ പുതിയ  നിര്‍ദേശം എങ്ങിനെയാണു സ്വീകരിക്കുകയെന്നു വ്യക്തമല്ല. ഘടകകക്ഷികളുടെ സീറ്റുകളില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മലപ്പുറത്ത് മുസ്‌ലിംലീഗുമായും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ്സുമായും കോണ്‍ഗ്രസ്സിന് തര്‍ക്കങ്ങളുണ്ട്.

ഇതു പരിഹരിക്കാനുള്ള യോഗങ്ങളും ബുധനാഴ്ച തിരുവനന്തപുരത്തു നടക്കും. അതേസമയം, പാര്‍ട്ടിയില്‍ രൂക്ഷമായ ഗ്രൂപ്പുതര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സിറ്റിങ് സീറ്റ് അതാത് ഗ്രൂപ്പുകള്‍ക്കെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ്സിലും ഉയരുന്നത്. ഗ്രൂപ്പുകള്‍ക്കു തുല്യ വിഹിതം നല്‍കി സ്ഥാനാര്‍ഥിനിര്‍ണയ കമ്മിറ്റികളുണ്ടാക്കാനാണ് കോണ്‍ഗ്രസ്സിലെ ധാരണ. അതേസമയം കോണ്‍ഗ്രസ്സിനൊപ്പം മറ്റു ഘടക കക്ഷികളും വിട്ടുവീഴ്ചയ്ക്കു തയ്യാറാവണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ മുന്നണിയിലുള്ള ആര്‍.എസ്.പി, ജനതാദള്‍ (യു) എന്നീ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കും. ജെ.എസ്.എസിനും സി.എം.പിക്കും കഴിഞ്ഞതവണ നല്‍കിയ അത്ര സീറ്റ് ഇത്തവണ നല്‍കാന്‍ കഴിയില്ല.

രണ്ടു പാര്‍ട്ടിയില്‍ നിന്നും ധാരാളം പേര്‍ കൊഴിഞ്ഞുപോവുകയും പാര്‍ട്ടികള്‍ പിളരുകയും ചെയ്തു. ഇതെല്ലാം പരിശോധിക്കണമെന്നും  തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പിയെ കൂട്ടുപിടിച്ച് ബി.ജെ.പി. നടത്തുന്ന നീക്കം യു.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നു ചോദ്യത്തിനു മറുപടിയായി പി പി തങ്കച്ചന്‍ പറഞ്ഞു. ബി.ജെ.പി- എസ്.എന്‍.ഡി.പി. കൂട്ടുകെട്ട് കേരളത്തില്‍ വിജയിക്കില്ല. പക്ഷേ, ബി.ജെ.പിയുടെ നീക്കം  എല്‍.ഡി.എഫിന് ദോഷംചെയ്യും. കഴിഞ്ഞ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്ക് യുവാക്കളുടെ ചെറിയ ഒഴുക്കുണ്ടായിട്ടുണ്ടെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it