wayanad local

മുന്നണികള്‍ ഒന്നാംഘട്ട സീറ്റുചര്‍ച്ച പൂര്‍ത്തിയാക്കി

മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികള്‍ ഒന്നാംഘട്ട സീറ്റുചര്‍ച്ച പൂര്‍ത്തിയാക്കി. യു.ഡി.എഫില്‍ മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് (എം) നേതാക്കളുമായാണ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. 23 സീറ്റുണ്ടായിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗിന് രണ്ടു സീറ്റാണ് നല്‍കിയത്. 36 സീറ്റുകളുള്ള മുനിസിപ്പാലിറ്റി നിലവില്‍ വന്നതോടെ ഒമ്പതു സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍, നാലു സീറ്റുകള്‍ മാത്രം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായെന്നാണ് സൂചന. അഞ്ചു സീറ്റുകള്‍ ലഭിച്ചാല്‍ ലീഗ് സഹകരിക്കുമെന്നാണ് നേതൃത്വം പറയുന്നത്. അല്ലാത്തപക്ഷം ഇടതുപക്ഷവുമായി നീക്കുപോക്ക് നടത്താനും ലീഗൊരുങ്ങിയേക്കുമെന്നു സൂചനയുണ്ട്.

കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം നാലില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിനെത്തുടര്‍ന്ന് ചര്‍ച്ച വഴിമുട്ടി. കേരളാ കോണ്‍ഗ്രസ് മൂന്നു സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ട്. ഇടതുപക്ഷത്താവട്ടെ, സി. പി.ഐ. ഏഴു സീറ്റുകളാണ് ആവശ്യപ്പെട്ടത്. അഞ്ചു സീറ്റുകള്‍ നല്‍കാന്‍ സി.പി.എം. തയ്യാറായിട്ടും ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍.ഡി. എഫില്‍ എന്‍.സി.പിക്കും ഒരു സീറ്റ് മുനിസിപ്പാലിറ്റിയില്‍ ലഭിക്കാനിടയുണ്ട്.

അതേസമയം, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനവും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും പട്ടികവര്‍ഗത്തിന് സംവരണം ചെയ്യപ്പെട്ടതോടെ നേരത്തെ മല്‍സരത്തിനു തയ്യാറെടുത്തിരുന്ന പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുനിന്നു സ്വയം പിന്മാറിയതായി സൂചനയുണ്ട്. പുതുതായെത്തുന്ന എസ്.ടി. വനിതകള്‍ക്കു കീഴില്‍ കൗണ്‍സിലറും മെംബറുമായി പ്രവര്‍ത്തിക്കേണ്ടിവരുന്ന സാഹചര്യത്തിനു താല്‍പ്പര്യമില്ലാത്ത പ്രമുഖരാണ് പിന്മാറിയത്. അതേസമയം, ചെയര്‍പേഴ്‌സണാക്കാന്‍ പ്രാപ്തയായ എസ്.ടി. വനിതയെ കണ്ടെത്തി വിജയസാധ്യതയുള്ള സീറ്റില്‍ നിര്‍ത്തി മല്‍സരിപ്പിക്കുന്നതിനായി ഇരു മുന്നണികളും തീവ്ര പരിശ്രമത്തിലാണ്.
Next Story

RELATED STORIES

Share it