മുന്നണികള്‍ക്ക് വഴങ്ങാതെ കിഴക്കിന്റെ വെനീസ്

എന്‍ എ ഷിഹാബ്

ആലപ്പുഴ ജില്ല ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജില്ലയിലെ രണ്ടു പാര്‍ലമെന്റ് സീറ്റുകളും യുഡിഎഫിനൊപ്പമാണ്. പക്ഷെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിന് സ്വന്തമാക്കാനായത്. അതും കെപിസിസി പ്രസിഡന്റായിരിക്കെ ജനവിധി തേടിയ രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍. കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫും ബിജെപിയുമാണ്. എന്നാല്‍ ഇരുമുന്നണികള്‍ക്കും വാനോളം പ്രതീക്ഷ നല്‍കുന്നതാണ് ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളും. ഇരുമുന്നണികളെയും കൈവിട്ടു സഹായിച്ചതും പാടെ തൂത്തെറിഞ്ഞതുമായ ചരിത്രവും ആലപ്പുഴയ്ക്കുണ്ട്.
എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പ്രസ്ഥാനമായി രൂപംകൊണ്ട ബിഡിജെഎസിന്റെ അരങ്ങേറ്റം ആലപ്പുഴയുടെ രാഷ്ട്രീയ പരിസരത്ത് പുതിയ രാഷ്ട്രീയ പ്രതിഭാസമായി നിലനില്‍ക്കുന്നു. ആലപ്പുഴയുടെ വിപ്ലവ നായിക ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ യുഡിഎഫ് വഞ്ചനയില്‍ മനംനൊന്ത് ഇടതുചേരിയില്‍ ചേക്കേറിയതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. നിലവില്‍ ജെഎസ്എസിലെ ഓരോ നേതാക്കളുടെ പേരിലും വ്യത്യസ്ഥ പാര്‍ട്ടികള്‍ രൂപമെടുത്തിട്ടുണ്ടെങ്കിലും ഗൗരിയമ്മയുടെ രാഷ്ട്രീയ കാര്‍ക്കശ്യത്തിന് കുറവൊന്നുമില്ല. യുഡിഎഫ് സര്‍ക്കാരിന്റെ വികസനം താഴെത്തട്ടിലേക്കെത്തിക്കാന്‍ പ്രചാരണം നടത്തുമ്പോള്‍ ഭരണ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രചാരണരംഗത്ത് സജീവമാവുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിലാണ്. ജില്ലയുടെ വിവിധ കോണുകളില്‍ ഉദ്ഘാടന മാമാങ്കങ്ങളുമായി മുന്നേറുകയാണ് യുഡിഎഫ് പക്ഷം.
2011ല്‍ എല്‍ഡിഎഫിന് പ്രതീക്ഷിക്കാത്ത വിജയമാണ് ആലപ്പുഴയിലുണ്ടായത്. ഒമ്പതില്‍ ഏഴിടത്തും എല്‍ഡിഎഫിനായിരുന്നു വിജയം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും മുന്നണിയിലെ ചേരിപ്പോരുമാണ് യുഡിഎഫിനെ രണ്ടു സീറ്റിലൊതുക്കിയതെന്ന് വിമര്‍ശനമുയര്‍ന്നു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് വെന്നിക്കൊടി നാട്ടിയത് ഇതിന് സാധൂകരണമായി. രണ്ടിടത്തൊഴികെ എഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്‍തൂക്കം നേടി. എങ്കിലും ഈ നേട്ടം നിലനിര്‍ത്താന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കഴിഞ്ഞില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ യുഡിഎഫിന്റെ വോട്ടു ബാങ്കിലാണ് വെള്ളാപ്പള്ളിയും കൂട്ടരും ചോര്‍ച്ചയുണ്ടാക്കിയത്. വി എസ് അച്യുതാനന്ദനും കെ ആര്‍ ഗൗരിയമ്മയും പരാജയം രുചിച്ച മണ്ണില്‍ വിജയം നേടാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് കക്ഷികള്‍ പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും നേതാക്കള്‍ തമ്മിലെ ചേരിപ്പോരും ജില്ലാ നേതൃത്വത്തിനെതിരേ വിവിധ ഏരിയാ കമ്മിറ്റികളുടെ പടപ്പുറപ്പാടും എല്‍ഡിഎഫിന് ഭീഷണിയുയര്‍ത്തുന്നു.
അതേസമയം, മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കി കൈവിട്ടു പോയ പ്രതാപം തിരിച്ചു പിടിക്കാമെന്ന കണക്കു കൂട്ടലിലാണ് യുഡിഎഫ്. സ്ഥാനാര്‍ഥി മോഹികളുടെ ആധിക്യവും കാലുവാരലും ഇതിന് വിലങ്ങുതടിയാവുമോയെന്നും നേതൃത്വം ഭയക്കുന്നു.
ഒമ്പതു മണ്ഡലങ്ങളിലേക്കായി 200 പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ചേര്‍ത്തല, ആലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ബിഡിജെഎസിനാവുമെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞിരുന്നില്ല. ബിജെപിയെ കൈമെയ് മറന്ന് സഹായിക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഈഴവരും ഇത് അംഗീകരിച്ചില്ല. ജില്ലയില്‍ ഒരു മണ്ഡലത്തിലും ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ല. ക്രൈസ്തവ, മുസ്‌ലിം, ധീവര, ദലിത് വോട്ടുകളും ജില്ലയില്‍ നിര്‍ണായകമാണ്. ആലപ്പുഴ, അരൂര്‍, അമ്പലപ്പുഴ, കായംകുളം എന്നിവ എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഇവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും പുരോഗമിക്കുന്നു.
Next Story

RELATED STORIES

Share it