മുന്നണികള്‍ക്ക് ആശയും ആശങ്കയും നല്‍കി ഇരിക്കൂര്‍

ഹനീഫ എടക്കാട്

കണ്ണൂര്‍: ഡല്‍ഹിയില്‍ ഇരിക്കൂറിലെയടക്കം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച കൊടുമ്പിരികൊള്ളുന്ന വേളയില്‍ കെ സി ജോസഫ് വരും എല്ലാം ശരിയാവുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണക്കുകൂട്ടിയത്. എന്നാലിപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തിലെത്തിയ വേളയില്‍ കെ സി ഇനിയും തുടരണമോ എന്നായിരിക്കുന്നു മണ്ഡലത്തിലെ ചര്‍ച്ച. അതുകൊണ്ടുതന്നെ ഉറച്ച മണ്ഡലം എന്ന് യുഡിഎഫ് വിലയിരുത്തിയ ഇരിക്കൂര്‍ കടുത്തമല്‍സരത്തിന്റെ ചൂടിലമര്‍ന്നിരിക്കുകയാണ്.
1982ല്‍ കോട്ടയത്തുനിന്ന് ഇരിക്കൂറിലെത്തിയ കെ സി ജോസഫിനാണ് ജില്ലയില്‍ ഇക്കുറി പാളയത്തില്‍പട ആദ്യം നേരിടേണ്ടിവന്നതെന്നും ശ്രദ്ധേയം. ജോസഫിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് ഇരിക്കൂ ര്‍ സിദ്ദീഖ് നഗറില്‍ ഒരുവിഭാഗം കോണ്‍ഗ്രസ്സുകാര്‍ കോലംകത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തായിരുന്നു എതിര്‍പ്പിന് തുടക്കമിട്ടത്. എന്നാല്‍, എല്ലാ എതിര്‍പ്പും തട്ടിമാറ്റി ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹാശിസ്സുകളോടെ കെ സി ജോസഫ് തന്നെ മണ്ഡലത്തില്‍ മല്‍സരത്തിനെത്തി. അന്നു തുടങ്ങിയ മുറുമുറുപ്പ് ഇന്നുവരെ ശമിച്ചില്ലെന്നതാണ് കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും അലട്ടുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തങ്ങളെ കാലുവാരിയതിന് കണക്കു പറയാന്‍ ഒരുവിഭാഗം ലീഗുകാരും കാത്തിരിക്കുന്നത് കെ സിയുടെ നെഞ്ചിടിപ്പേറ്റുന്നു. ഇതൊക്കെ അടിയൊഴുക്കുകളായാല്‍ ഇരിക്കൂറിന്റെ യുഡിഎഫ് കൂറിന് കോട്ടംതട്ടുമെന്നാണ് എല്‍ഡിഎഫ് ക്യാംപ് കണക്കുകൂട്ടുന്നത്.
കെസിക്കെതിരേ വിമതസ്ഥാനാര്‍ഥിയെ നിര്‍ത്തിയവര്‍ ഫേസ്ബുക്ക് കൂട്ടായ്മ രൂപീകരിച്ചും പ്രചാരണം നടത്തുന്നു. അഡ്വ. ബിനോയ് തോമസാണ് കെസിക്കെതിരേ വിമതനായി മല്‍സരിക്കുന്നത്. അതുകൊണ്ടു തന്നെ എല്‍ഡിഎഫിനു വേണ്ടി മല്‍സരിക്കുന്ന സിപിഐയിലെ കെടി ജോസിന് ഇക്കുറി ആത്മവിശ്വാസമേറെയാണ്. ഇരിക്കൂറില്‍ തളച്ചിടപ്പെട്ട കെസി ജോസഫാവട്ടെ മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങാനും കഴിയാത്ത അവസ്ഥയിലാണ്. കടുത്തമല്‍സരത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി രണ്ടുവട്ടമെത്തി കെ സി ജോസഫിനു വേണ്ടി പര്യടനം നടത്തിക്കഴിഞ്ഞു. ഇരിക്കൂറില്‍ ഇക്കുറി കെ സി ജോസഫ് മാറുമെന്നും പകരം തങ്ങള്‍ക്ക് സ്ഥാനാര്‍ഥിത്വം കിട്ടുമെന്ന് എ ഗ്രൂപ്പിലെ യുവനേതാക്കള്‍ മനക്കോട്ട കെട്ടിയിരുന്നു. ഇതൊക്കെ തിരഞ്ഞെടുപ്പില്‍ ഏതു രീതിയില്‍ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. എന്നാല്‍, കഴിഞ്ഞ നിയമസഭയില്‍ കെ സി ജോസഫ് നേടിയ ഭൂരിപക്ഷത്തിന് പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുമൊന്നും ഇടിവ് തട്ടിയിട്ടില്ല.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 17,895 വോട്ട് കൂടുതല്‍ യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലാവട്ടെ 22,155 വോട്ടാണ് ഇരിക്കൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് അധികം നേടിയത്. അതുകൊണ്ടുതന്നെ വിമതരുടെ പ്രശ്‌നമോ ഘടകകക്ഷിയുടെ കാലുവാരലോ ജയത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കെ സി ജോസഫും പാര്‍ട്ടിയും. കോണ്‍ഗ്രസ്സിന്റെയും കെ സി ജോസഫിന്റെയും പടയോട്ടം തടയാന്‍ മല്‍സരിക്കുന്ന സിപിഐയിലെ കെ ടി ജോസ് പതിവില്‍നിന്ന് വിപരീതമായി മണ്ഡലത്തില്‍ നിറഞ്ഞ് പര്യടനം നടത്തുന്നുണ്ട്. കുടിയേറ്റ കര്‍ഷക കുടുംബത്തിലെ പ്രതിനിധിയായതു കൊണ്ടുതന്നെ മലയോരമണ്ഡലം തന്നെ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കെ ടി ജോസും എല്‍ഡിഎഫും.
ഇരിക്കൂറില്‍ ബിജെപിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവു പറ്റി. എന്‍ഡിഎയുടെ ഭാഗമായ കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് ചെമ്പേരിയെയാണ് ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, സാമ്പത്തിക വിഷയം ഉയര്‍ത്തി ജോസ് ചെമ്പേരി സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്നീട് ബിജെപി സഖ്യത്തില്‍ നിന്നുതന്നെയും പിന്മാറി. ഇ പ്പോള്‍ എ പി ഗംഗാധരനാണ് സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it