മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലും ബിജെപിക്ക് കനത്ത തിരിച്ചടി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തിരിച്ചടി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സ്വന്തം തട്ടകമായ വിദര്‍ഭ മേഖലയില്‍ ബിജെപിക്ക് കനത്ത പരാജയമാണു സംഭവിച്ചത്.
ഒന്നര വര്‍ഷം പ്രായമായ ബിജെപി സര്‍ക്കാരിനെതിരായ കാഹളമായാണ് കോണ്‍ഗ്രസ് വിദര്‍ഭയിലെ തിരഞ്ഞെടുപ്പു ഫലത്തെ വിശേഷിപ്പിച്ചത്. വിദര്‍ഭയിലെ 29 മുനിസിപ്പല്‍ കൗ ണ്‍സിലില്‍ മൂന്നെണ്ണത്തി ല്‍ മാത്രമാണ് ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം നേടാനായത്. ശിവസേനയ്ക്ക് ഒന്നില്‍ പോലും വിജയിക്കാനായില്ല. കോണ്‍ഗ്രസ് അഞ്ചു കൗണ്‍സിലിലും എന്‍സിപി ഒന്നിലും ഭൂരിപക്ഷം നേടി.
നാഗ്പൂരാണ് ബിജെപി തോ ല്‍വി ഏറ്റുവാങ്ങിയ മറ്റൊരു ജില്ല. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും തട്ടകമായ ഇവിടെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലും ബിജെപിക്കു നഷ്ടപ്പെട്ടു. ഇതില്‍ ഹിന്‍ഗാന, കുഹി എന്നിവിടങ്ങളില്‍ ബിജെപിയും ദിവാപൂരില്‍ ശിവസേനയുമായിരുന്നു ഭരിച്ചിരുന്നത്. ഹിന്‍ഗാന എന്‍സിപിയും കുഹി നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സും പിടിച്ചെടുത്തു.
ബിവാപൂരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ 17 സീറ്റില്‍ കോണ്‍ഗ്രസ് 5, ശിവസേന 4, ബിജെപി 3, ബിഎസ്പി 3, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണു കക്ഷിനില. സംസ്ഥാന ധനമന്ത്രി സുധീര്‍ മുംഗന്തിവാറിന്റെയും കേന്ദ്രസഹമന്ത്രി ഹന്‍സ്‌രാജ് അഹിറിന്റെയും ജന്മസ്ഥലമായ ചന്ദ്രപൂര്‍ ജില്ലയിലും ബിജെപി പരാജയം ഏറ്റുവാങ്ങി.
ജില്ലയിലെ പോമ്പുര്‍ന മുനിസിപ്പാലിറ്റി മാത്രമാണ് ബിജെപിക്കു ലഭിച്ചത്. അമരാവതി ജില്ലയിലെ നാലു കൗണ്‍സിലിലും ബിജെപിക്കോ ശിവസേനയ്‌ക്കോ ഭൂരിപക്ഷം നേടാനായില്ല.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പു ഫലം ഭരണമുന്നണിക്ക് എതിരായ പ്രതിഷേധമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനങ്ങളും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് ജനങ്ങളെ സ്വാധീനിച്ചതെന്നും മുന്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിലെ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ രാജേന്ദ്ര മുലാക് പറഞ്ഞു.
ഇതിനിടെ, മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പരസ്പരം മല്‍സരിച്ച കല്യാണ്‍-ഡോംപിവ്‌ലി മുനിസിപ്പാലിറ്റിയില്‍ ബിജെപിയും ശിവസേനയും കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒന്നിച്ച് നീങ്ങുമെന്നു സൂചനയുണ്ട്.
കല്യാണ്‍-ഡോംപിവ്‌ലി മുനിസിപ്പാലിറ്റിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേനയ്ക്ക് കേവല ഭൂരിപക്ഷമില്ല. 122ല്‍ 55 സീറ്റു മാത്രമാണ് സേനയ്ക്കു ലഭിച്ചത്. തിരഞ്ഞെടുപ്പു വേളയിലെ എതിര്‍പ്പ് താല്‍ക്കാലികമായിരുന്നുവെന്നും ബിജെപിയുമായി സഹകരിച്ചു മുന്നോട്ടുപോവുന്നതില്‍ തെറ്റില്ലെന്നുമാണ് സേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നത്.
Next Story

RELATED STORIES

Share it