thrissur local

മുനിസിപ്പല്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ശാപമോക്ഷം; കോടതി ജങ്ഷനില്‍ ഡിവൈന്‍ മോഡല്‍ അടിപ്പാത നിര്‍മിക്കും

ചാലക്കുടി: മുനിസിപ്പല്‍ ജങ്ഷനിലെ ഗതാഗതകുരുക്കിന് ശാപമോക്ഷമാകുന്നു. ഗതാഗതകുരുക്ക് ഒഴിവാക്കാനായി കോടതി ജങ്ഷനില്‍ ഡിവൈന്‍ മോഡല്‍ അടിപ്പാത നിര്‍മിക്കാ ന്‍ തീരുമാനമായി.
പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടേയും ദേശീയപാത നിര്‍മാണ കമ്പനി ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഡിവൈന്‍ മോഡല്‍ പാത നിര്‍മാണത്തിന് ഔദ്യോതിക അനുമതിയായത്.
പതിനെട്ട് കോടി രൂപ ചെലവിലാണ് നിര്‍മാണം. ജൂലൈ മാസത്തില്‍ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. മുപ്പത് മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ ഉയരവും ആറ് മീറ്റര്‍ വീതിയുമുള്ള അടിപാതയാണ് കോടതി ജങ്ഷനില്‍ നിര്‍മിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഇവിടെ അടിപ്പാത വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയരുന്നു. ഈ ചര്‍ച്ചയില്‍ അടിപാത വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിര്‍മാണത്തിനുള്ള ഔദ്യോദിക അനുമതി ലഭിച്ചിരുന്നില്ല.
അനുമതി ഇല്ലാതിരുന്നിട്ടും നിര്‍മാണോദ്ഘാടനം കെങ്കേമമായി നടത്തുകയും ചെയ്തിരുന്നു. നിര്‍മാണോദ്ഘാടനം നടത്തിയതല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തികളൊന്നും ആരംഭിക്കാനായില്ല.
ലോകസഭ-നഗരസഭ തെരഞ്ഞെടുപ്പുകളില്‍ അടിപാത പ്രധാന ചര്‍ച്ചാ വിഷയമായി. ഗതാഗത കുരുക്കിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍പെട്ട് നഗരസഭ ജങ്ഷനില്‍ നഗരസഭ മുന്‍ കൗണ്‍സിലറായിരുന്ന പൗലോസ് താക്കോല്‍ക്കാരന്റേതടക്കം നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. നഗരസഭ ജങ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാനായി അടിപാത വേണമെന്ന ആവശ്യം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ ബി ഡി ദേവസ്സി എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തി.
തുടര്‍ന്ന് എംഎല്‍എ ഈ ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി യോഗം വിളിച്ച് ചേര്‍ത്തത്. ഈ യോഗത്തിലാണ് കോടതി ജങ്ഷനിലെ അടിപാതക്ക് അനുമതിയായത്. ഇതോടൊപ്പം സര്‍വീസ് റോഡുകളുടേയും അനുബന്ധ പ്രവര്‍ത്തികളുടേയും നിര്‍മാണം ജൂലൈ 31ന് മുമ്പ് പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചാലക്കുടി സൗത്ത് ജങ്ഷനിലെ വെള്ളക്കെട്ട്, സര്‍വീസ് റോഡുകളുടെ നിര്‍മാണം, കാനകളുടെ നിര്‍മാണം, മുരിങ്ങൂര്‍ ജങ്ഷനിലെ ബെല്‍മൗത്ത്, ഇവിടത്തെ വെള്ളക്കെട്ട്, ബസ്-ബേ തുടങ്ങിയവയുടെ പ്രവര്‍ത്തികളും അടുത്ത മാസം 31ന് മുമ്പായി തീര്‍ക്കും.
തിരുവനന്തപുരത്ത് വച്ച് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തി ല്‍ ബി ഡി ദേവസ്സി എംഎല്‍എ, കെ രാജന്‍ എംഎല്‍എ, ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സ ണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍ന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സിലര്‍മാരായ വി ജെ ജെജി, ജിജന്‍ മത്തായി, കൊടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രസാദന്‍, എന്‍എച്ച്എഐ ഉദ്യാഗസ്ഥര്‍, കെ എം സി കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it