ernakulam local

മുനമ്പത്ത് സിപിഎം-ബിജെപി സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്

വൈപ്പിന്‍: മുനമ്പത്ത് സിപിഎം ബിജെപി സംഘര്‍ഷം. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്ക്. ഏഴു വാഹനങ്ങളുടെ ചില്ലു തകര്‍ത്തു. നാലു വീടുകള്‍ക്ക് നേരെയും ഒരു മല്‍സ്യബന്ധന ബോട്ടിനു നേരെയും ആക്രമണമുണ്ടായി. ചൊവ്വാഴ് രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചയുമാണ് സംഭവങ്ങള്‍ അരങ്ങേറിയത്. തിങ്കളാഴ്ച രാത്രിയില്‍ ഫിഷിങ് ഹാര്‍ബറില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍സുലേറ്റഡ് വാഹനത്തിന്റെ ചില്ല് തര്‍ക്കപ്പെട്ടിരുന്നു.
പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ മുനമ്പം വൈദ്യരുപടിയില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകനായ അറുകാട്ടില്‍ സനൂപ് (30), പിതാവ്, അനന്തന്‍(62), മാതാവ് ഓമന(58)എന്നിവര്‍ക്ക് പരിക്കേറ്റു. മൂവരേയും മൂത്തകുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓമനയുടെ കൈ ഒടിയുകയും സനൂപിന്റെ കൈ മുറിയുകയും ചെയ്തിട്ടുള്ളതായി പോലിസ് അറിയിച്ചു. തുടര്‍ന്ന് അര്‍ധരാത്രിയോടെ ചെറായി ബേക്കറി വളവിനു കിഴക്ക് ബിജെപി പ്രവര്‍ത്തകനായ പൊന്നച്ചുംപറമ്പില്‍ കനകന്റെ വീടിനു നേരെ ആക്രണമുണ്ടായി.
ഇതില്‍ കനകന്‍ (49), ഭാര്യ ഷൈലജ(47), മക്കളായ വിഷ്ണു(26), ഹരി (19), ശ്രീലക്ഷ്മി (13) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരും മൂത്തകുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണ പരമ്പരകള്‍ക്കിടെ സിപിഎം പ്രവര്‍ത്തകരായ മുനമ്പം കിഴക്കകത്ത് വീട്ടില്‍ സനീഷ്(26), കുറിഞ്ഞിപ്പറമ്പില്‍ അഭിനന്ദ്(33), പോണത്ത് രാഹുല്‍(25) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൂവരേയും പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സനീഷിന്റെ കൈക്ക് സാരമായ മുറിവുണ്ട്. പുലര്‍ച്ചെ ഒരു മണിയോടെ മുനമ്പം ഹാര്‍ബറില്‍ എത്തിയ ചിലര്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളെ തിരഞ്ഞുപിടിച്ച് ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അന്യസംസ്ഥാനക്കാരുടേതുള്‍പ്പെടെ ആറ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നതായി പോലിസ് പറഞ്ഞു. കൂടാതെ മല്‍സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന ഒരു ബോട്ടും ആക്രമികള്‍ കേടുപാടു വരുത്തി.
പിന്നീട് ബിജെപി ജില്ലാകമ്മിറ്റിയംഗവും എന്‍ഡിഎ വൈപ്പിന്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ കെ കെ വേലായുധന്റെ വീടിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വീട്ടുമുറ്റത്തു കിടന്ന കാറിന്റെ പിന്നിലെ ലൈറ്റും വീടിന്റെ ജനല്‍ ചില്ലും തകര്‍ന്നു.
പിന്നീട് രണ്ടു മണിയോടെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ ബി സോജന്റെ വീടിനു നേരെയും വ്യാപകമായ കല്ലേറുണ്ടായി. വീട്ടുകാര്‍ എഴുന്നേറ്റതോടെ കല്ലെറിഞ്ഞ സംഘം ഓടി രക്ഷപ്പെട്ടുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് രാത്രി ഞാറക്കല്‍ സിഐ സി ആര്‍ രാജുവിന്റെ നേതൃത്വത്തില്‍ മുനമ്പം, ഞാറക്കല്‍ സ്റ്റേഷനില്‍നിന്നും വന്‍ പോലിസ് സംഘം സ്ഥലത്തെത്തി.
തുടര്‍ന്ന് പ്രധാന ഹാര്‍ബര്‍ പോലിസ് അടച്ചുപൂട്ടി. തിരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരുമായി അല്ലറ ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലിസ് അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹാര്‍ബറില്‍ മല്‍സ്യം കയറ്റാന്‍ കിടന്നിരുന്ന ഇന്‍സുലേറ്റ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത സംഭവം അരങ്ങേറിയിരുന്നു.
ഈ പ്രശ്‌നം അവസാനിച്ചെങ്കിലും ഇതേ ചൊല്ലി ഇരു വിഭാഗവും ചൊവ്വാഴ്ച രാത്രി കോവിലകത്തുംകടവില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായതായി പോലിസ് പറഞ്ഞു. ഇതിന്റെ പരിണിത ഫലമാണ് ആക്രമങ്ങള്‍ എന്നും പോലിസ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it