malappuram local

മുനമ്പം ബീവി ജാറം കേന്ദ്രമാക്കി പുതിയ ടൂറിസം പദ്ധതി വരുന്നു

പൊന്നാനി : പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പുതുപൊന്നാനി മുനമ്പം ബീവി ജാറത്തെ ഉള്‍പ്പെടുത്തി പുതിയ ടൂറിസം പദ്ധതി വരുന്നു. പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സെക്രട്ടറിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജാറം കമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ പൊന്നാനി എംഎല്‍എ പി ശ്രീരാമകൃഷ്ണന്‍,ഇറിഗേഷന്‍ വകുപ്പ് മേധാവികള്‍, നഗരസഭാ ചെയര്‍മാന്‍, ടൂറിസം വകുപ്പ് അധികൃതര്‍, പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ ടൂറിസം വകുപ്പ് ആര്‍ക്കിടെക്ച്ചര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു .
ബിയ്യം ബ്രിഡ്ജ് ടൂറിസത്തിന്റെ ഉദ്ഘാടനത്തിന് ശേഷം രണ്ടാം ഘട്ടമെന്ന നിലക്ക് വള്ളം കളി നടക്കുന്ന ബിയ്യം കായല്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനമാണു നടക്കുക. മൂന്നാം ഘട്ടമെന്ന നിലക്കാണ് മുനമ്പം ബീവി ജാറത്തെ ഉള്‍പ്പെടുത്തുന്ന ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുക. പ്രകൃതി രമണീയമായ അഴിമുഖവും തീരവുമുള്ള ജാറം പരിസരത്ത് ഇരിപ്പിടങ്ങളും, വ്യൂ പോയിന്റും, ടൈല്‍സ് പാകലുമാണ് ആദ്യഘട്ടത്തില്‍ നടക്കുക.
ഇതിനായി മൂന്നു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ടൂറിസം വികസനത്തിന്റെ മുന്നോടിയായി ഈ ഭാഗത്ത് കടല്‍ ഭിത്തി നിര്‍മിക്കാന്‍ രണ്ടു കോടി രൂപയുടെ പ്രൊപ്പോസല്‍ ധനകാര്യ കമ്മിഷന് മുന്നില്‍ എംഎല്‍എ വച്ചിട്ടുണ്ട്. എന്നാ ല്‍ ഇക്കാര്യത്തില്‍ ഇനിയും ടെണ്ടര്‍ നടപടി തുടങ്ങാനായിട്ടില്ല. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടനത്തിന് സന്ദര്‍ശനത്തിനെത്തുന്ന മുനമ്പം ബിവി ജാറത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.ജാറം കമ്മിറ്റിയുടെ കൈവശമുള്ള ഭൂമി സര്‍ക്കാറിന് വിട്ട് കൊടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു.
മുനമ്പം ബിവി ജാറം ടൂറിസത്തിന്റെ ഭാഗമായി വിശ്രമ മുറിയും,ശുചി മുറിയും, കുട്ടികള്‍ക്കുള്ള പാര്‍ക്കും നിര്‍മിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ടൂറിസം നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നത്.
Next Story

RELATED STORIES

Share it