thiruvananthapuram local

മുത്തൂറ്റ് ബാങ്ക് കവര്‍ച്ചക്കേസ്: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

കോവളം: കോവളം മൂത്തൂറ്റ് ബാങ്ക് കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ മഖ്‌ലൂദ് സേട്ട് ആലം, തലേദിവസം കസ്റ്റഡിയില്‍ വാങ്ങിയ രാം ഗോവിന്ദ് ലോത്താദി എന്നീ പശ്ചിമ ബംഗാള്‍ സ്വദേശികളെയാണ് മോഷണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തത്.
പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കോവളം കെഎസ് റോഡിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തുന്നതിന് ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് കട്ടര്‍, പ്ലെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിച്ച സ്ഥലം പ്രതികള്‍ പോലിസിനു കാണിച്ചുകൊടുത്തു. തുടര്‍ന്ന് സംഭവം നടക്കുന്നതിനു മുമ്പായി സ്ഥലം നിരീക്ഷിക്കാനെത്തിയ ബാങ്കിനു സമീപമുള്ള ഇടവഴികള്‍, കോവളം ജങ്ഷനിലുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുത്തു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് സംഭവത്തില്‍ പരോക്ഷമായ ബന്ധമേയുള്ളൂവെന്നും മോഷണ ഉപകരണങ്ങള്‍ എത്തിക്കുന്നത് ഉള്‍െപ്പടെയുള്ള സഹായങ്ങളാണ് ഇവര്‍ നടത്തിയതെന്നും പോലിസ് പറഞ്ഞു.
10 അംഗ സംഘമാണ് കവര്‍ച്ചയില്‍ പങ്കെടുത്തത്. പ്രതികളിലൊരാളായ രാം ഗോവിന്ദ് ലോത്താദി ചൊവ്വര ബാങ്ക് കവര്‍ച്ചാശ്രമക്കേസിലും പ്രതിയാണ്. വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനു നേതൃത്വം നല്‍കിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു. 2015 മാര്‍ച്ച് 28നു നടന്ന കോവളം മുത്തൂറ്റ് ബാങ്ക് കവര്‍ച്ചയില്‍ അരക്കോടിയിലേറെ രൂപയും സ്വര്‍ണവും രണ്ടു ലക്ഷം രൂപയുമാണ് മോഷണം പോയത്.
സംഭവത്തില്‍ ബംഗാള്‍ സ്വദേശി ജഹാംഗീര്‍ ആലം, ജാര്‍ഖണ്ഡ് സ്വദേശി ഹരി ഓം മണ്ഡല്‍ എന്നിവരെ പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it