മുത്തു ടീച്ചര്‍ വേതനം ചെലവഴിക്കുന്നത് നിര്‍ധനര്‍ക്ക്

ശാഫി തെരുവത്ത്

കാസര്‍കോട്: സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മുത്തുടീച്ചറുടെ പ്രവര്‍ത്തനം മാതൃകയാവുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളിലെ സംസ്‌കൃത അധ്യാപികയായ മുത്തു ടീച്ചറാണ് തനിക്ക് കിട്ടുന്ന വേതനം നിര്‍ധന കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുന്നത്. 30 വര്‍ഷത്തോളമായി മുത്തു ടീച്ചര്‍ ഈ സ്‌കൂളില്‍ അധ്യാപികയാണ്.
പഴയകാലത്ത് നിര്‍ധന കുടുംബങ്ങളിലെ നിരവധി കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കാനെത്തിയിരുന്നു. അന്ന് ആഹാരം കഴിക്കാതെയാണ് പല കുട്ടികളും എത്തിയിരുന്നത്. രാവിലെ വന്നാല്‍ വൈകീട്ട് വീട്ടില്‍ തിരിച്ചെത്തുന്നത് വരേയും വെള്ളം മാത്രം കുടിക്കുന്ന കുട്ടികളെ ശ്രദ്ധയില്‍പെട്ടപ്പോഴാണ് തന്റെ കാരുണ്യപ്രവര്‍ത്തനം ടീച്ചര്‍ ആരംഭിക്കുന്നത്. ശമ്പളം കിട്ടിയപ്പോള്‍ ഒന്നും മിച്ചം വയ്ക്കാതെ സ്‌കുളിലെത്തുന്ന നിര്‍ധന കുട്ടികള്‍ക്ക് ആഹാരം നല്‍കാ ന്‍ ഉപയോഗപ്പെടുത്തി. യൂനിഫോം വാങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന കുട്ടികള്‍ക്ക് യൂനിഫോമുകളും പഠനോപകരണങ്ങളും വാങ്ങി നല്‍കി.
പിന്നീട് തന്റെ കൈവശം ബാക്കിയായ തുകകൊണ്ട് നെല്ലിക്കട്ടയ്ക്ക് സമീപം 50 സെന്റ് തരിശ്ഭൂമി വാങ്ങി. വീട് വയ്ക്കാനും സുഖമായി ജീവിക്കാനുമൊന്നുമല്ല സ്ഥലം വാങ്ങിയത്. വിഷം തീണ്ടാതെയുള്ള ജൈവ പച്ചക്കറിത്തോട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു ടീച്ചര്‍ക്കുണ്ടായിരുന്നത്. അവധി ദിവസങ്ങളില്‍ ടീച്ചര്‍ മറ്റു ചിലരുടെ സഹായത്തോടെ നല്ലൊരു പച്ചക്കറിത്തോട്ടമുണ്ടാക്കി. മരച്ചീനി, ചേമ്പ്, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തത്. ഇവിടെ നിന്നും വിളവെടുക്കുന്ന പച്ചക്കറികള്‍ പഠിപ്പിക്കുന്ന വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കും വ്യദ്ധമന്ദിരത്തിലേക്കും ബഡ്‌സ് സ്‌കൂളുകളിലേക്കും അനാഥാലയങ്ങളിലേക്കും എത്തിച്ചുകൊടുത്തു. ഇപ്പോഴും ഇത് തുടരുന്നു. സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ കൊണ്ടുപോയാണ് ടീച്ചര്‍ ഇത് നല്‍കുന്നത്. കുട്ടികള്‍ക്ക് അടുക്കളത്തോട്ടം ഒരുക്കാനും വീട്ടില്‍ പൂന്തോട്ടം ഒരുക്കാനും മുത്തു ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്.
സ്‌കൂളില്‍ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും ടീച്ചര്‍ ഒരുക്കാറുണ്ട്. പനയോല, മുള തുടങ്ങിയവകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാനും ടീച്ചര്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു. അഞ്ചോളം കവിതകളും ചെറുകഥകളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ മുത്തുടീച്ചര്‍ ഇപ്പോള്‍ ഗവ. കോളജിന് സമീപത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്.
Next Story

RELATED STORIES

Share it