kozhikode local

മുത്തശ്ശിയെ സംരക്ഷിച്ചില്ല; ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

കോഴിക്കോട്: സ്വത്ത് കൈക്കലാക്കിയശേഷം മുത്തശ്ശിയെ സംരക്ഷിക്കാതെ വീട്ടില്‍ നിന്നിറക്കിവിട്ട കേസില്‍ ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഉത്തരവിട്ടു. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മയാണ് മകന്റെ മകനായ സാന്റോ മാത്യു നിരപ്പേലിനെതിരേ വയോജന നിയമം-2007 അനുസരിച്ച് ജില്ലാ കലക്ടറുടെ മുമ്പില്‍ പരാതിയുമായെത്തിയത്. റോസമ്മ നിരപ്പേല്‍ ഗള്‍ഫില്‍ പോയി സമ്പാദിച്ച സ്വത്തില്‍ 20 സെന്റ് സ്ഥലം 2012ലാണ് പൗത്രന് നല്‍കിയത്. മരണംവരെ സംരക്ഷിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍ ഇവരെ കബളിപ്പിച്ച് മകനും കുടുംബവും ആധാരം രജിസ്റ്റര്‍ ചെയ്ത് റോസമ്മയെ വീട്ടില്‍ നിന്നിറക്കിവിടുകയായിരുന്നു. മരണപ്പെട്ട മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചു താമസിക്കുകയാണ് 78 വയസ്സ് പ്രായമുള്ള മുത്തശ്ശിയിപ്പോള്‍. പരാതി ശരിയെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസത്തിനകം സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ താമരശ്ശേരി തഹസില്‍ദാര്‍ക്കും 14 ദിവസത്തിനകം ആധാരം തിരികെ രജിസ്റ്റര്‍ ചെയ്യാന്‍ കോടഞ്ചേരി സബ് രജിസ്ട്രാര്‍ക്കും ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it