thiruvananthapuram local

മുത്തച്ഛന്‍ മുതല്‍ പേരക്കുട്ടി വരെ...

തിരുവനന്തപുരം: മുഖത്ത് പച്ചയും മഞ്ഞയും കറുപ്പും ചായമണിഞ്ഞ് ചുട്ടി വച്ച് കിരീടമേന്തി അര്‍ജുനനായി കൃഷ്ണദാസ് വേദിയിലെത്തുമ്പോള്‍ സദസ്സിന് അറിയില്ല അവനെ പറ്റി. അവന്റെ കഥകളി കുടുംബത്തെ പറ്റി. പാരമ്പര്യത്തിന്റെ വഴിത്താരയില്‍ കഥകളി വേദിയില്‍ പ്രകടന പ്രഭ പരത്തുന്ന ഈ കൊച്ചുകലാകാരന്‍ ഇതാദ്യമായാണ് കലോല്‍സവ വേദിയില്‍ മാറ്റുരയ്ക്കുന്നത്. കന്നി പ്രകടനത്തില്‍ തന്നെ എ ഗ്രേഡോടെ തിളങ്ങിയ കൃഷ്ണദാസിന്റെ അച്ഛന്‍ ഡോ. നാരായണന്‍ നമ്പൂതിരിയും മുത്തച്ഛനും പ്രശസ്ത ആചാര്യനുമായ ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ സഹോദരന്‍ ചന്ദ്രമന ശ്രീധരന്‍ നമ്പൂതിരിയും കഥകളിയെ നെഞ്ചേറ്റിയവരാണ്.
ചെറുപ്പം മുതല്‍ കഥകളി അഭ്യസിച്ചുവരുന്നുണ്ടെങ്കിലും പത്താം ക്ലാസ് വരെ സിബിഎസ്‌സി സിലബസിലായിരുന്നതിനാല്‍ കൃഷ്ണദാസിന് കലോല്‍സവ വേദിയില്‍ ചമയമണിയാന്‍ അവസരം ലഭിച്ചിരുന്നില്ല.
പച്ചയും കത്തിയും കരിയും താടിയും മിനുക്കും കഥകളിയുടെ വേഷങ്ങളാവുമ്പോള്‍ കൃഷ്ണദാസിന് കരുത്തേകുന്നത് മൂന്നുതലമുറ പരത്തിയ നടന ചാരുതയാണ്. നിരവധി ഉല്‍സവ വേദികളില്‍ അച്ഛനും മകനും ഒരുമിച്ചാണ് കഥകളി അവതരിപ്പിച്ചിട്ടുള്ളത്. കലോല്‍സവ വേദികളിലെ മല്‍സരങ്ങള്‍ ഒരു ലക്ഷ്യമേയല്ലെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ സീനിയര്‍ ടെക്‌നീഷ്യനായ അച്ഛന്‍ ഡോ. നാരായണന്‍ നമ്പൂതിരി പറയുന്നു. ഇവിടെ തോല്‍ക്കുന്നതും ജയിക്കുന്നതും ഒരു സംഭവമല്ല, കാരണം കഥകളി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ശാസ്ത്രീയ സംഗീതകുടുംബമാണെങ്കിലും അതിനൊപ്പം കഥകളിയും ഒപ്പം കൊണ്ടുപോവാനാണ് അച്ഛനും മകനും ശ്രമിക്കുന്നത്. മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വിദ്യാര്‍ഥിയായ ഈ 16കാരന്‍ കാലകേയവധത്തിലെ അര്‍ജുനന്‍ സ്വര്‍ഗലോകത്തെത്തി പിതാവ് കര്‍ണനോട് അനുഗ്രഹം തേടുന്ന രംഗമാണ് വേദിയില്‍ അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it