thrissur local

മുതുവറ ജങ്ഷനിലെ വെള്ളക്കെട്ട്: ജില്ലാ കലക്ടര്‍ ഇടപെട്ട് അടിയന്തര നടപടി കൈക്കൊള്ളണമെന്ന്

തൃശൂര്‍: പൂങ്കുന്നം-ചൂണ്ടല്‍ സംസ്ഥാന പാതയിലെ മുതുവറ ജംഗ്ഷനിലെ അതിരൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാനും ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കാനും ജില്ലാ കലക്ടര്‍ ഇടപെട്ട് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഡ്രീം ഗ്രീന്‍ ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 32 കോടി മുടക്കി അടുത്തകാലത്താണ് ഈ പാത ഗ്യാരണ്ടിയോട് കൂടി പുനര്‍നിര്‍മിച്ചത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മാണത്തിന് കൃത്യമായി മേല്‍നോട്ടം വഹിക്കാത്തതും കാനകള്‍ പൂര്‍ണമായും നിര്‍മിക്കാത്തതുമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്.
റോഡ് നിര്‍മാണത്തിന് മെറ്റലിനു പകരം ക്വാറി വേസ്റ്റ് ഉപയോഗിച്ചത് മൂലം റോഡില്‍ നിരവധി കുണ്ടും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ദിവസങ്ങളായി ഇവിടെ വെള്ളം കെട്ടിനില്‍ക്കുകയാണ്. മഴയില്ലാത്തപ്പോഴും വെള്ളം ഒഴിഞ്ഞു പോകുന്നില്ല. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും മൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളും ഇതിലേ യാത്ര ചെയ്യുന്നവരും ദുരിതത്തിലാണ്. ഗതാഗത കുരുക്കില്‍ അകപ്പെടുന്ന വാഹനങ്ങളില്‍ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിനും പരിസരത്ത് താമസിക്കുന്നവര്‍ക്ക് രോഗങ്ങള്‍ പിടിപെടാനും കാരണമാവുന്നു.
ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സ്ഥിതിയുമുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് കാണിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അശാസ്ത്രീയ നിര്‍മിതി മൂലം ഇതിന് മുമ്പ് ഒരു കിലോമീറ്ററോളം നീളത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് ഡിവൈഡര്‍ പൊളിച്ചു മാറ്റേണ്ടി വന്നു. ഇത് മൂലം പത്ത് ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചു. വെള്ളക്കെട്ടും ഗതാഗത പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധത്തിന്റെ ഭാഗമായി പ്രഥമ പിഡബ്ല്യു കപ്പിന് വേണ്ടി എന്ന പേരില്‍ പ്രതീകാത്മക വള്ളം കളി മത്സരം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡ്രീം ഗ്രീന്‍ ഇന്ത്യ ചെയര്‍മാന്‍ വര്‍ഗീസ് തരകന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മുതുവറ യൂനിറ്റ് പ്രസിഡന്റ് കെ മുരളീധരന്‍, ആക്ട്‌സ് അമല നഗര്‍ യൂനിറ്റ് പ്രസിഡന്റ് കെ എച്ച് ദാനചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it