palakkad local

മുതലമടയില്‍ മാങ്ങ ഉല്‍പാദനം കുറയുന്നുവെന്ന് കര്‍ഷകര്‍

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: മംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് മുതലമടയില്‍ ഇത്തവണ മാങ്ങാ ഉല്‍പാദനം മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായി കുറഞ്ഞെന്ന് കര്‍ഷകര്‍. ജനുവരി ആദ്യവാരത്തില്‍ തന്നെ വിളവെടുപ്പ് നടത്തി വിപണിയില്‍ എത്തുന്നതോടെ മാര്‍ക്കറ്റില്‍ നല്ല വില കിട്ടുമെന്നതിനാല്‍ കര്‍ഷകര്‍ക്കും മികച്ച ലാഭവും ലഭിക്കുന്നു.
അനുകൂല കാലാവസ്ഥ അനുഭവപ്പെട്ടപ്പോള്‍ ജനുവരി ആദ്യ ആഴ്ച മുതല്‍ ഏപ്രില്‍ മാസംവരെ വിളവെടുത്താണ് വിപണിയില്‍ എത്തിക്കുന്നത്. മാങ്ങാ ചെറുകിട കര്‍ഷകരില്‍ നിന്നും മൊത്തമായി വാങ്ങി ദില്ലി, ഹൈദരാബാദ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമാണ് കയറ്റുമതി ചെയ്യുന്നത്. കാലാവര്‍ഷ വ്യതിയാനവും കനത്ത വരള്‍ച്ചയും മൂലം ഇത്തവണ പ്രതീക്ഷിച്ചത്ര വിളവ് ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പാട്ടത്തിനെടുത്ത് മാങ്ങാ വിളവെടുപ്പ് നടത്തുന്ന കര്‍ഷകര്‍ അത്യുല്‍പ്പാദനത്തിനായി വ്യാപകമായി രാസ ദ്രാവകമായ കള്‍ട്ടാര്‍ പ്രയോഗം മാവിന്റെ വേരുകളില്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്. സാധാരണയിലധികം ഉല്‍പാദനം ഉണ്ടാകുമെന്നതാണ് പ്രത്യേകം കള്‍ട്ടാര്‍ പ്രയോഗം നടത്തുന്നതിന് പിന്നിലെന്ന് കര്‍ഷകര്‍ പറഞ്ഞു. അളവിലധികം വെള്ളം നനച്ച് കൊടുക്കണം. ജലദൗര്‍ലഭ്യം മൂലം മാവിന് വെളളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണക്ക് ഭീഷണിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നു. അതേസമയം അശാസ്ത്രീയ കള്‍ട്ടാര്‍ പ്രയോഗമാണ് മുന്‍ വര്‍ഷങ്ങളില്‍ മികച്ച വിളവ് ലഭിക്കുകയും ഈ വര്‍ഷം ഉല്‍പ്പാദനം ഗണ്യമായി കുറയാനും കാരണമാക്കിയതെന്ന് പറയപ്പെടുന്നു. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതോടെ മാവുകള്‍ക്ക് പ്രകൃത്യാലുള്ള ഈര്‍പ്പമുള്ള അവസ്ഥയില്ലാതായി.
കുഴല്‍ കിണറുകളെ ആശ്രയിക്കേണ്ടി വന്നതോടെ ഏക്കര്‍ കണക്കിന്നുള്ള മാവിന്‍ തോട്ടത്തില്‍ ജലം ഒരേ സമയം നല്‍കാന്‍ കഴിയാതെ വന്നതോടെ കഠിനമായ ചൂടില്‍ വ്യാപകമായി മാങ്ങ കൊഴിച്ചിലുണ്ടായതും ഇത്തവണത്തെ വിളവെടുപ്പിനെ കാര്യമായി ബാധിക്കുകയും നഷ്ടമുണ്ടാക്കാന്‍ ഇടയാക്കിയതായും കര്‍ഷകര്‍ പറഞ്ഞു. അല്‍ഫോണ്‍സ, ഹിമാപസ്സ്, മൂവാണ്ടന്‍, സിന്തൂരു, ബങ്കനപ്പള്ളി, തുടങ്ങിയ മുന്തിയ ഇനം മാങ്ങകളുടെ ഉല്‍്പ്പാദന കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ചൂടിന്റെ കാഠിന്യമേറിയതോടെ മാമ്പൂ കരിയാനും വലിപ്പമാകാതെ തന്നെ മാങ്ങകള്‍ കൊഴിഞ്ഞ് വീഴാനും തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുമെന്നാണ് മാങ്ങാ കര്‍ഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it