Idukki local

മുതലക്കോടത്ത് 220 കെവി സബ് സ്റ്റേഷന്‍;  കെഎസ്ഇബി പദ്ധതി തയ്യാറാക്കി

തൊടുപുഴ: മുതലക്കോടത്ത് 220 കെവി സബ്‌സ്‌റ്റേഷന്‍ പദ്ധതി തയ്യാറാക്കി കെഎസ്ഇബി. മുട്ടത്തെ 110 കെവി സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പേ മുതലക്കോടത്തും 220 കെവി സബ്‌സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടല്‍.
ഇതിന്റെ ഭാഗമായി മുതലക്കോടത്ത് സ്ഥലം എറ്റെടുക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.ഇടുക്കി-മാടക്കത്തറ 11കെവി ലൈന്‍ കടന്നുപോവുന്ന മുതലക്കോടമാണ് വൈദ്യുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇതിനായി 4 ഏക്കര്‍ സ്ഥലം ആവശ്യമായി വരും.നാട്ടുകാരുടെ സഹകരണത്തോടെ മാത്രം പദ്ധതി രൂപീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.22 അടി നീളത്തില്‍ 220 കെവി ലൈന്‍ കടന്നുപോവുന്ന കൃഷിയിടങ്ങളിലെ മരങ്ങള്‍ വെട്ടിമാറ്റേണ്ടതായി വരും.
ഇത്തരത്തില്‍ കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം നികത്താനാവശ്യമായ നടപടികള്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് വിലയിരുത്തും.ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.
10 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.ഇടുക്കി-മാടക്കത്തറ-കോതമംഗലം ഇവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 11 കെവി ഇപ്പോള്‍ പൂര്‍ണമായി ലോഡ് കൊടുക്കാന്‍ കഴിയുന്നില്ല.മാത്രമല്ല ഈ മേഖലയില്‍ പലപ്പോഴും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും ഉണ്ടാവാറുണ്ട്.കോതംമംഗലം വനമേഖലയില്‍ കൂടി വരുന്ന ലൈനുകളില്‍ പലപ്പോഴും തകരാറുണ്ടാവുന്നത് വൈദ്യുതി വകുപ്പിനു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഇത്തരത്തിലൊരു സാഹചര്യത്തില്‍ മുതലക്കോടത്ത് 220 സബ് സ്‌റ്റേഷന്‍ ആരംഭിച്ചാല്‍ ഈ വൈദ്യുതി പാത പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
തൊടുപുഴ നഗരത്തിന്റെ അടുത്ത 10 വര്‍ഷത്തെ വളര്‍ച്ച മുന്നില്‍ക്കണ്ട് 220 സബ്‌സ്റ്റേഷന് അടിയന്തരമായി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ സമിപിച്ചു.ഉടന്‍ തന്നെ ഭരണാനുമതി ലഭിക്കുമെന്നാണ് വൈദ്യൂത വകുപ്പിന്റെ പ്രതിക്ഷ.
മൂലമറ്റം പവര്‍ഹൗസില്‍ ഏതെങ്കിലും സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പാദനം നിര്‍ത്തേണ്ടി വന്നാല്‍ പുറത്തുനിന്നു വൈദ്യൂതി എത്തിക്കാനും മുതലക്കോടത്ത് സബ്‌സ്‌റ്റേഷന്‍ വരുന്നതോടെ കെഎസ്ഇബിക്കു കഴിയും.
ഈ വര്‍ഷം തന്നെ തറക്കല്ലിടല്‍ നടത്താന്‍ കഴിയുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
ഇടുക്കി,എറണാകുളം ജില്ലകള്‍ സംയുക്തമായാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നത്.എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രൂക്ഷമായിട്ടുള്ള വൈദ്യുതി പ്രതിസന്ധിക്കു ഒരളവു വരെ ഈ പദ്ധതി പരിഹാരമാവും.
Next Story

RELATED STORIES

Share it