Idukki local

മുതലക്കോടത്ത് പാടശേഖരം നികത്തുന്നു

തൊടുപുഴ: പോലിസ്-റവന്യൂ അധികൃതരുടെ ഒത്താശയോടെ മുതലക്കോടത്ത് കുന്നക്കാട്ട് പാടശേഖരം നികത്തുന്നു.നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചിട്ടും ആദ്യഘട്ടത്തില്‍ ഇങ്ങോട്ട് പോലിസ് തിരിഞ്ഞുനോക്കിയില്ല. പിന്നീട് ജില്ലാ പോലിസ് മേധാവി കെ വി ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോലിസ് രംഗത്ത് എത്തിയത്. റവന്യു അധികൃതരും ഇങ്ങോട്ടെത്തി നോക്കിയിട്ടില്ല.
മുതലക്കോടത്ത് നാലേക്കറോളം വരുന്ന നെല്‍പ്പാടം വാങ്ങി നിയമം ലഘിച്ച് നികത്തുകയാണ്. രാത്രികാലങ്ങളില്‍ ടിപ്പര്‍ ലോറിയില്‍ മണ്ണെത്തിച്ചാണ് പാടം നികത്തല്‍. 50 സെന്റോളം നെല്‍പ്പാടം ഇതുവരെ നികത്തി.ഇതിനു സമീപം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള നടപ്പുവഴിയില്‍ അനുമതിയില്ലാതെ കലുങ്ക് നിര്‍മ്മിച്ചു. ഇതിനെതിരെയും നാട്ടുകാര്‍ പോലിസ് സ്‌റ്റേഷനിലും മുന്നിസിപ്പാലിറ്റിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കി.
നെല്‍പ്പാടം നികത്തുന്നതോടെ ഈ മേഖലയിലെ പരിസ്ഥിതി തകിടം മറിയുമെന്നു നാട്ടുകാര്‍ പറയുന്നു.രൂക്ഷമായ ശുദ്ധ ജലക്ഷാമത്തിനും ഇതു വഴിവെയ്ക്കും.
സമീപത്തെ തോടുകള്‍ വരെ വറ്റി വരളും.പാടം നികത്തി വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ഉടമയുടെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ പാടം നികത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി മുതലക്കോട് ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷനും രംഗത്തുവന്നു.
പാടം നികത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ പോലിസിലും ജില്ലാ പോലിസ് മേധാവിക്കും അസോസിയേഷന്‍ പരാതി നല്‍കി. ഇന്നു വൈകിട്ട് നാലിനു നികത്തിയ പാടത്ത് റസിഡന്റ്‌സ് അസോസിയേഷന്‍ ബാനര്‍കെട്ടി പ്രതിഷേധിക്കും. മുതലക്കോടം ടൗണ്‍ മുതല്‍ മണ്ണിട്ട് നികത്തിയ പാടം വരെ പ്രതിഷേധ പ്രകടനം നടത്തും.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി ഡി രവിന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും,പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍ പെരുവന്താനം,എന്‍യു ജോണ്‍,തങ്കച്ചന്‍ പാറത്തലയ്ക്കല്‍,കൗണ്‍സിലര്‍മാരായ ഷേര്‍ളി ജയപ്രകാശ്,റിനി ജോഷി എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് കോട്ടക്കുപുറം സെക്രട്ടറി ഷംസ് കിളിയനാല്‍, സണ്ണി കളപ്പുര പങ്കെടുത്തു.
Next Story

RELATED STORIES

Share it