palakkad local

മുണ്ടൂരിനും ഒലവക്കോടിനുമിടയില്‍ അപകടങ്ങള്‍ പതിവായി

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അപകടമേഖലകള്‍ ഏറെയുള്ള മുണ്ടൂരിനും ഒലവക്കോടിനും ഇടയിലെ അപകടങ്ങള്‍ക്ക് ഇപ്പോഴും ശമനമില്ല.
കയറ്റിറക്കങ്ങളും കൊടുംവളവുകളും ചേര്‍ന്ന വീതികുറഞ്ഞ പാതയില്‍ വാഹനങ്ങളുടെ ആധിക്യവും ബസുകളുടെ മല്‍സരയോട്ടവും യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. കെ.എസ്.ആര്‍ടിസി ടിടി സര്‍വീസിന് തൊട്ടുമുന്നിലായി കൂടുതല്‍ യാത്രക്കാരെ കയറ്റുന്നിന് മല്‍സരപ്പാച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നലെ പന്നിയംപാടത്ത് സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികളും പോലിസ് അധികൃതരും വ്യക്തമാക്കുന്നു.
ബസ് െ്രെഡവറുടെ നിരുത്തരവാദിത്വവും കയറ്റവും കൊടുംവളവും ചേരുന്ന ഭാഗത്തെ അലക്ഷ്യവും അശ്രദ്ധയും ചേര്‍ന്ന ഓവര്‍ടേക്കിംഗിനുള്ള ശ്രമവുമാണ് അപകടത്തിനിടയാക്കിയത്. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മിക്ക സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി ടി.ടി സര്‍വീസുകള്‍ക്ക് തൊട്ടുമുന്നിലായാണ് പായുക. മുന്‍സിപ്പല്‍ സ്റ്റാന്റില്‍ നിന്നെടുക്കുന്ന സ്വകാര്യ ബസുകള്‍ ഒലവക്കോട് വരെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത് പതിവാണ്.
ഒലവക്കോട് മിനിട്ടുകളോളം നിറുത്തി പരമാവധി യാത്രക്കാരെ കയറ്റും. തൊട്ടുപിന്നില്‍ കെഎസ്ആര്‍ടിസി ബസിനെ കണ്ടാല്‍ പിന്നെ സമയം അഡ്ജസ്റ്റ് ചെയ്യാനുള്ള മരണപ്പാച്ചിലാണ്. ഈ ഓട്ടം നടത്തുന്നത് ഒലവക്കോട് മുതല്‍ മുണ്ടൂര്‍ വരെയുള്ള അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഭാഗങ്ങളിലും.
പുതുപ്പരിയാരത്തെ നിരീക്ഷണ കാമറയെ പോലും ഗൗനിക്കാതെ സ്വകാര്യബസുകള്‍ മരണയോട്ടം നടത്തുമ്പോള്‍ കാമറ സാക്ഷ്യപ്പെടുത്തുന്നതു പോലും നടപടിയാക്കാന്‍ അധികൃതര്‍ മിനക്കെടുന്നുമില്ല.
ചരക്ക് വാഹനങ്ങള്‍ ഏറെയുള്ള പാതയില്‍ കയറ്റങ്ങളില്‍ ഇഴയുന്ന ലോറികളെ മറികടക്കാന്‍ മറ്റ് യാത്രാവാഹനങ്ങള്‍ നടത്തുന്ന സാഹസികതയും പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒലവക്കോട് മുതല്‍ മുണ്ടൂര്‍ വരെയുള്ള ഭാഗം വീതികൂട്ടിയും കയറ്റിറക്കങ്ങളും വളവുകളും നിവര്‍ത്തിയെടുത്തും അപകടങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it