Kottayam Local

മുണ്ടക്കയത്തും പരിസരങ്ങളിലും മോഷണം വ്യാപകമാവുന്നു

മുണ്ടക്കയം: മുണ്ടക്കയത്തും പരിസരങ്ങളിലും രാത്രികാല മോഷണം വ്യാപകമാവുന്നു. സംഭവത്തില്‍ പോലിസ് നിഷ്‌ക്രിയരായിരിക്കുകയാണ്. വീടുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടാണു മോഷണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുലിക്കുന്നിലെ ഒരു വീട്ടില്‍ നിന്നു മോഷ്ടാവ് 1.69 ലക്ഷം രൂപ അപഹരിച്ചു. വീടു പണിയാന്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നു വായ്പയെടുത്ത് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചു വച്ച പണമാണ് കവര്‍ന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണയാണ് പൈങ്ങന സെന്റ് തോമസ് പള്ളിയില്‍ മോഷ്ടാക്കള്‍ കയറിയത്. ആദ്യം രണ്ടായിരം രൂപയും രണ്ടാം തവണ പള്ളിയുടെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി നേര്‍ച്ചപ്പെട്ടി തകര്‍ത്തും മോഷണ ശ്രമം നടത്തി.
എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച്ച നേര്‍ച്ചപ്പെട്ടി എണ്ണിത്തിട്ടപ്പെടുത്തിയതിനാല്‍ മോഷ്ടാവിനു പണം കവരാനായില്ല. തുടര്‍ന്ന് വിവിധ മുറികളില്‍ കയറിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. പുലിക്കുന്നിലെ മോഷണ ദിവസം കണ്ണിമലയിലെ ഒരു വീട്ടില്‍ നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണമാല, 3000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയി.
നഗരത്തിനടുത്ത് മുണ്ടമറ്റം ഭാഗത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകളില്‍ മോഷണ ശ്രമം നടന്നു. എല്ലാ സ്ഥലങ്ങളിലും ഒച്ചകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കള്ളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രാതികാലങ്ങളില്‍ ചൂട് കഠിനമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനലുകള്‍ തുറന്നിട്ടാണ് കിടക്കുന്നത്.
പുലിക്കുന്നില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാറി കണ്ണിമലയിലെ ജസ്റ്റിന്‍ തോമസിന്റെ വീട്ടിലും മോഷണം നടന്നു. ജസ്റ്റിന്റെ വീട്ടില്‍ നിന്ന് ഒന്നരപ്പവന്റെ മാലയും മൂവായിരം രൂപയും കവര്‍ന്നു. സംഭവ സ്ഥലത്ത് പോലിസ് നായയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. രണ്ടു മോഷണങ്ങള്‍ക്കും പിന്നില്‍ ഒരു സംഘമാണ് എന്ന സൂചനയാണ് പോലിസിനു ലഭിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it