ernakulam local

മുട്ടാര്‍പുഴയില്‍ ഓക്‌സിജന്റെ കുറവ് ; മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി

കളമശ്ശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍പുഴയില്‍ ഓക്‌സിജന്റെ കുറവുമൂലം മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. ശ്വാസം ലഭിക്കാതെ ചെറുതും വലുതുമായ നൂറുകണക്കിന് മല്‍സ്യങ്ങള്‍ വെള്ളത്തിനു മുകളില്‍ ജീവനുവേണ്ടി പിടയുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3നാണ് മുട്ടാര്‍പുഴയില്‍ മല്‍സ്യങ്ങള്‍ ജീവവായു ലഭിക്കാതെ വെള്ളത്തിനു മുകളില്‍ എത്തി ചത്തുപൊങ്ങിയത്.
കരിമീന്‍, മഞ്ഞകൂരി, പൂമീന്‍, കൊഞ്ച്, നങ്ക് തുടങ്ങി നിരവധിയിനത്തില്‍പ്പെട്ട മല്‍സ്യങ്ങളാണ് ചത്തത്. ശനിയാഴ്ച രാത്രിയുണ്ടായ മഴയില്‍ സമീപപ്രദേശങ്ങളിലെ മാലിന്യങ്ങളും മറ്റും പുഴയിലേക്കൊഴുകിയെത്തി വെള്ളം കലങ്ങിമറിഞ്ഞതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് സംശയിക്കുന്നു.
കഴിഞ്ഞ രണ്ടുദിവസമായി തൂമ്പുങ്കല്‍ തോടിനു സമീപമുള്ള നഗരസഭയുടെ ഡംബിങ് യാര്‍ഡിലെ മാലിന്യങ്ങള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കിമറിച്ചിരുന്നു. ശനിയാഴ്ചയുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് ഇതിലേ മാലിന്യങ്ങളും മറ്റും ഒഴുകിയിറങ്ങിയതാവാം പുഴ കലങ്ങിമറിയാനും വെള്ളത്തിലെ ഓക്‌സിജന്റെ അളവു കുറയാനും കാരണമായതെന്ന് പറയുന്നു. ഇതേസമയം സംഭവമറിഞ്ഞെത്തിയ ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
നഗരസഭ ചെയര്‍മാന്‍മാരും എത്തി. സംഭവസ്ഥലത്ത് ജില്ലാ കലക്ടര്‍ എത്തിയതിനുശേഷം മാത്രമേ പിസിബി ഉദ്യോഗസ്ഥരെ വിട്ടയക്കുകയുള്ളൂവെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞു. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് പോലിസും എത്തിയിട്ടുണ്ട്. പുഴയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളും സമീപവാസികളും മല്‍സ്യങ്ങള്‍ പിടികൂടുന്നതിന് വലകളും മറ്റുമായി എത്തിയിരുന്നു.
Next Story

RELATED STORIES

Share it