Idukki local

മുട്ടം ബ്ലോക്കില്‍ 29 പേര്‍ക്ക് ഡെങ്കിപ്പനി; 120 പേര്‍ നിരീക്ഷണത്തില്‍

തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ആരോഗ്യ വകുപ്പിന്റെ അധീനതയിലെ മുട്ടം ബ്ലോക്കിന് കീഴില്‍ 29 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച വരെ കൂടാതെ 120 പേര്‍ നിരീക്ഷണത്തിലാണെന്നും ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. രേഖാ ശ്രീധര്‍ പറഞ്ഞു. മുട്ടം ബ്ലോക്കിന് കീഴില്‍ വരുന്ന 10 പഞ്ചായത്തുകളിലായി പതിനൊന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് ഉള്ളത്.
മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുട്ടം പഞ്ചായത്ത് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡെങ്കിപ്പനി ബാധിതരുടെ കണക്കുകള്‍ പുറത്ത് വിട്ടത്.മുട്ടം പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത് വാര്‍ഡുകളിലായി മൂന്നു പേര്‍ ഡെങ്കിപ്പനി നിരീക്ഷണത്തിലാണ്. സര്‍വകക്ഷി യോഗത്തില്‍ മുട്ടത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കെതിരെയും രോഗപ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
സ്ഥിരമായി മുട്ടം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടിയിരുന്നുവെങ്കിലും ആരോഗ്യ വകുപ്പധികൃതര്‍ കാര്യമാക്കിയില്ലെന്ന ആരോപണമാണ് യോഗത്തില്‍ ഉയര്‍ന്നത്.മുഴുവന്‍ ജനങ്ങളുടേയും പിന്തുണയും സഹായവും ഉണ്ടെങ്കില്‍ 'മുട്ടം ഒരു സമ്പൂര്‍ണ ശുചിത്വ ഗ്രാമം ആക്കി മാറ്റാന്‍ പഞ്ചായത്ത് മുന്നിലുണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും മുട്ടത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബോക്‌സുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണത്തോടെ പ്രദേശത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. മലങ്കര ജലാശയത്തില്‍ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതും ചര്‍ച്ചാ വിഷയമായി.വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസില്‍ നിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനു പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ പൈപ്പ് ലൈനുകളില്‍ വിവിധ സ്ഥലങ്ങളിലുണ്ടായിരിക്കുന്ന ചോര്‍ച്ചയിലൂടെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതായുള്ള പരാതിയും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
വീടുകളിലേയും വിവിധ സ്ഥാപനങ്ങളിലേയും കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ളവ ഓടയിലൂടെയും മറ്റും ശുദ്ധജല സ്രോതസില്‍ കലരുന്നതായും യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.
Next Story

RELATED STORIES

Share it