palakkad local

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നില്ല

എം വി വീരാവുണ്ണി

പട്ടാമ്പി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള വായ്പക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന് ഒരു വിലയും കല്‍പ്പിക്കാതെ വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കരുതെന്നുള്ള സംസ്ഥാന തലത്തിലുള്ള ബാങ്കേഴ്‌സ് സമിതി തീരുമാനം നടപ്പാക്കുന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. വായ്പ നല്‍കാന്‍ ജനറല്‍ ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 60ഉം പട്ടിക വിഭാഗങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്കും വേണമെന്നായിരുന്നു ബാങ്ക് സമിതിയുടെ തീരുമാനം.

എന്നാല്‍ മിനിമം മാര്‍ക്ക് തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും അത് തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ ഗവ. നിര്‍ദേശത്തെ മാനിക്കേണ്ടതില്ലെന്ന ബാങ്കേഴ്‌സ് സബ്ബ് കമ്മിറ്റിയുടെ എസ് 21-8-2015ലെ തീരുമാനമാണ് സാമ്പത്തിക ശേഷി ഇല്ലാത്ത വിദ്യാര്‍ഥികളുടെ ഭാവിക്ക് കരിനിഴലാകുന്നത്. രണ്ടര ലക്ഷം രൂപ വരെ വായ്പകള്‍ക്ക് സെക്യൂരിറ്റി വേണ്ടതില്ലെന്നും രണ്ടര ലക്ഷത്തിനു മുകളില്‍, നാല് ലക്ഷം വരെ ആള്‍ ജാമ്യത്തിലും നാല് ലക്ഷത്തിനു മുകളില്‍ വസ്തു ജാമ്യം വേണമെന്നുമായിരുന്നു ബാങ്ക് സമിതി തീരുമാനം. എന്നാല്‍ നാല് ലക്ഷം രൂപ വരെ സെക്യൂരിറ്റി ആവശ്യപ്പെടരുതെന്നും നാല് മുതല്‍ ആറ് ലക്ഷം വരെ മൂനാം കക്ഷിയുടെ ആള്‍ ജാമ്യത്തിലും ആറ് ലക്ഷം മുതലുള്ള വായ്പകള്‍ക്ക് മാത്രം വസ്തു ജാമ്യം മതി എന്ന സര്‍ക്കാര്‍ നിര്‍ദേശവും ബാങ്ക് ഉപ സമിതി തള്ളിയവയില്‍ പെടും. വായ്പ തുക അനുവദിക്കുന്നതിലും ബാങ്കുകള്‍ കര്‍ശന നിലപാടിലാണ്.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസോ അല്ലെങ്കില്‍ പരിധിയോ ഏതാണ് കുറവെങ്കില്‍ ആ സംഖ്യ മാത്രം വായ്പയായി നല്‍കിയാല്‍ മതിയെന്നും ആഗസ്തിലെ ബാങ്ക് ഉപ സമിതി യോഗത്തില്‍ തീരുമാനമായതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു. 2014 സെപ്തംബര്‍ 30വരെ 1082 കോടി രൂപ കിട്ടാക്കടമുണ്ടായിരുന്നുവെങ്കില്‍ 2015 സപ്തംബര്‍ 30 വരെയുള്ള ഒരു വര്‍ഷത്തില്‍ 963കോടി രൂപയാണ് സംഖ്യ. അത് പോലെ വായ്പ വാങ്ങി തിരിച്ചടക്കാത്തവരുടെ എണ്ണം ഇതു വരെ 12,463 ഉം കിട്ടാ ക്കടമായ 9585 കോടി രൂപയുള്ളതും നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. മുന്‍ കാലങ്ങളില്‍ അശാസ്ത്രീയമായി വായ്പ അനുവദിച്ചതിലും അത് ദുരുപയോഗം ചെയ്തവരും ചെയ്തതിന് ഇപ്പോഴത്തെ അപേക്ഷകരെ ക്രൂശിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നയ വൈകല്യങ്ങള്‍ മാറ്റാന്‍ പൊതു മേഖല-സഹകരണ ബാങ്കുകള്‍ മുന്നോട്ട് വരണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Next Story

RELATED STORIES

Share it