മുഖ്യമന്ത്രി ഫെനിയുമായി ഫോണ്‍ സംഭാഷണം നടത്തിയതിന് തെളിവ്

കൊച്ചി: സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുമായും തമ്പാനൂര്‍ രവിയുമായും ബെന്നി ബഹനാനുമായും ഫോണ്‍സംഭാഷണം നടത്തിയതിന് തെളിവുകള്‍ സോളാര്‍ കമ്മീഷന് ലഭിച്ചു. 2014 ഡിസംബര്‍ 8 മുതല്‍ 2016 മാര്‍ച്ച് രണ്ടു വരെയുള്ള കാലയളവില്‍ ഫെനിയുടെ രണ്ടു നമ്പറുകളില്‍ നിന്ന് നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളാണ് സംസ്ഥാന പോലിസ് ചീഫ് വഴി സോളാര്‍ കമ്മീഷന് ലഭിച്ചത്.
മുന്‍ എംഎല്‍എ തമ്പാനൂര്‍ രവിയെ 42 തവണയും ബെന്നി ബഹനാന്‍ എംഎല്‍എയെ 150 തവണയും മുഖ്യമന്ത്രിയെ നാലു തവണയുമാണ് അങ്ങോട്ടും ഇങ്ങോട്ടുമായി വിളിച്ചിരുന്നത്. ഇവരുമായെല്ലാം ഫോണില്‍ സംസാരിച്ചിരുന്നതായി സോളാര്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ച അഡ്വ. ഫെനി ബാലകൃഷ്ണന്‍ എന്നാല്‍, സോളാര്‍ സംബന്ധമായല്ല അവരുമായി സംസാരിച്ചിരുന്നതെന്നും വ്യക്തമാക്കി.
നേരത്തേ ഫെനി ബാലകൃഷ്ണനുമായി ഒരിക്കലും ഫോണ്‍ സംഭാഷണം നടത്തിയിട്ടില്ലെന്നാണ് തമ്പാനൂര്‍ രവി കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയിരുന്നതെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു. സരിതയുടെ എല്ലാ കേസുകളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന സരിതയുടെ മൊഴി തെറ്റാണെന്ന് ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി. ഇന്നലെ കമ്മീഷനില്‍ മൊഴി നല്‍കാനെത്തുന്നതിന് മുമ്പ് സരിത തന്നെ വിളിച്ചിരുന്നതായും അവര്‍ നടത്തിയ ആരോപണങ്ങള്‍ക്കനുകൂലമായി കമ്മീഷനില്‍ മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ പറയില്ലെന്ന് സരിതയോട് തുറന്നടിച്ചെന്നും ഫെനി കമ്മീഷനെ അറിയിച്ചു.
മുഖ്യമന്ത്രി, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ലേ താങ്കള്‍ സരിതയുടെ കേസ് എറ്റെടുത്തത് എന്ന കമ്മീഷന്റെ അഭിഭാഷകന്റെ ചോദ്യത്തിന് സരിതയുടെ ബ്ലാക്ക്‌മെയിലിങിന് കൂട്ടുനില്‍ക്കാത്തതിനാലാണ് താന്‍ സരിതയുടെ കേസുകളുടെ വക്കാലത്തുകള്‍ ഒഴിഞ്ഞതെന്ന് ഫെനി മൊഴി നല്‍കി.
Next Story

RELATED STORIES

Share it