മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്ത ശക്തികള്‍ ആരെന്നു സംഘാടകര്‍ വ്യക്തമാക്കണം- ആന്റണി

കൊച്ചി: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങിന്റെ അധ്യക്ഷനായി മുഖ്യമന്ത്രിയെ ക്ഷണിച്ച സംഘാടകര്‍ പിന്നീട് അദ്ദേഹത്തോട് ചടങ്ങില്‍ പങ്കെടുക്കരുതെന്നു പറയാന്‍ സ്വാധീനം ചെലുത്തിയ ബാഹ്യശക്തികള്‍ ആരെന്നു സംഘാടകര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ സംസ്ഥാന മുഖ്യമന്ത്രിയെ അധ്യക്ഷനായി ക്ഷണിച്ച ശേഷം ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന പേരില്‍ ക്ഷണിച്ചവര്‍ തന്നെ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുന്നത് അസാധാരണ സംഭവമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.
ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പ്രധാനമന്ത്രിക്കും ഇതുസംബന്ധിച്ച് അന്വേഷിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ സംഘാടകര്‍ സ്വമേധയാ ഇത്തരത്തിലുള്ള തീരുമാനം എടുക്കുമെന്നു വിശ്വസിക്കുന്നില്ല. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന വ്യക്തിയുടെ പ്രതിമാ അനാച്ഛാദനമാണ് നടക്കുന്നത്. ക്ഷണിച്ചതിനു ശേഷം അപമാനിക്കപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.
താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. അന്ന് എസ്എന്‍ ട്രസ്റ്റിന്റെ ആവശ്യപ്രകാരം അന്നത്തെ രാഷ്ട്രപതി സഞ്ജീവ് റെഡ്ഡിയെ താന്‍ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പലരും ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തെന്നും എ കെ ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it