മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തി സിബിഐ അന്വേഷണം വേണമെന്ന് സരിത

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ കൂടി ഉള്‍പ്പെടുത്തി സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് താന്‍ സോളാര്‍ പദ്ധതിക്കു വേണ്ടി പലരുമായി പണമിടപാട് നടത്തിയതെന്നും മുഖ്യമന്ത്രിയുടെ ഉറപ്പു കിട്ടിയതിനാലാണ് ശ്രീധരന്‍ നായര്‍ അടക്കമുള്ളവര്‍ പണം മുടക്കിയതെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
മുഖ്യമന്ത്രി വാക്കുപാലിക്കാതെ വഞ്ചിച്ചതിനാലാണ് തനിക്കെതിരെ വിവിധ കേസുകള്‍ വന്നത്. പണം നഷ്ടപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. ശ്രീധരന്‍നായരും താനും ചേര്‍ന്ന് മുഖ്യമന്ത്രിയെ കണ്ടതിന്റെ വീഡിയോ ഓഡിയോ തെളിവുകള്‍ തന്റെ പക്കലുണ്ട്. അന്വേഷണ ഏജന്‍സിക്കോ കോടതിക്കോ കൈമാറാന്‍ തയ്യാറുമാണ്.
മുഖ്യമന്ത്രിയെ കണ്ടതുസംബന്ധിച്ച് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ നടപടി നിയമം 164ാം വകുപ്പു പ്രകാരം ശ്രീധരന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന് കീഴിലെ പോലിസ് നടത്തുന്ന അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ കേസിലെ പങ്കാളിത്തത്തെക്കുറിച്ച് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസുകളിലെ പ്രധാന പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ഒഴിവാക്കി താനുള്‍പ്പെടെയുള്ളവരെയാണ് അന്വേഷണ സംഘം പ്രതിയാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരേയോ മന്ത്രിമാര്‍ക്കെതിരെയോ സംസ്ഥാനത്തെ ഏജന്‍സി നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല.
അന്വേഷണസംഘത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷ ഏജന്‍സിയുടെ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ചൊവ്വാഴ്ച ജസ്റ്റിസ് ബി കെമാല്‍പാഷ പരിഗണിച്ചേക്കും.
Next Story

RELATED STORIES

Share it