Kasaragod

മുഖ്യമന്ത്രിയുടെ വരവിനായി റോഡിന്റെ മിനുക്ക് പണി നാട്ടുകാര്‍ തടഞ്ഞു

കുമ്പള: ഇന്ന് ജില്ലയില്‍ യുഡി എഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തുന്നതിനാല്‍ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കാന്‍ കൈകൊണ്ട നടപടി നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ വൈകിട്ട് കുമ്പള-ഉപ്പള ദേശീയപാതയില്‍ ആരിക്കാടിയിലാണ് സംഭവം.

ഒരു വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡാണിത്. കുമ്പള-ഉപ്പള റോഡിന്റെ ശോച്യാവസ്ഥക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്നലെ അവധി ദിനമായിട്ടും ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ പോലുമില്ലാതെ തിരക്കിട്ട് റോഡ് അറ്റകുറ്റപ്പണി നടത്തുന്നത് കണ്ട് ചെന്നന്വേഷിച്ചപ്പോഴാണ് വസ്തുത മനസ്സിലായത്.

ഇരുപതോളം മീറ്റര്‍ മെറ്റലുകളും പൊടിയും കുഴച്ച് റോഡില്‍ നിരത്തിയത് കുമ്പള-ഉപ്പള എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും നാട്ടുകാര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തിരിച്ചെടുപ്പിച്ചു. ഒരു വര്‍ഷത്തിലേറെ നാട്ടുകാര്‍ അനുഭവിച്ച കഷ്ടതകള്‍ ഒരിക്കലെങ്കിലും മുഖ്യമന്ത്രി അനുഭവിച്ചറിയട്ടെ എന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. കുമ്പള എസ്.ഐയുടെ നേതൃത്വത്തില്‍ പോലിസെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല.
Next Story

RELATED STORIES

Share it