മുഖ്യമന്ത്രിയുടെ പ്രസ്താവന:പ്രതിഷേധം വ്യാപകം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുമാറ്റത്തിനെതിരേ വ്യാപക പ്രതിഷേധം . മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരസമിതിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രതിഷേധാര്‍ഹവും നിരാശാജനകവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന അഭിപ്രായം മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയുള്ള അഭിപ്രായമാണ് പിണറായി നടത്തിയത്. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള വി എസ് അച്യുതാനന്ദന്റെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട്. വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമല്ല കഴിഞ്ഞ സര്‍ക്കാരെടുത്തത്. മൂന്നുതവണ നിയമസഭ ചര്‍ച്ച ചെയ്തും രണ്ടുതവണ സര്‍വകക്ഷിയോഗം ചേര്‍ന്നും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. നിയമസഭയിലും സര്‍വകക്ഷിയോഗത്തിലും കോടതിയിലും ഇത്രനാളും കേരളമെടുത്ത നിലപാടിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പിണറായിയുടെ പുതിയ നിലപാട് കേരളത്തിലെ ജനങ്ങളുടെ വികാരത്തിനെതിരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നിയമസഭയും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളും ഐകകണ്‌ഠ്യേന സ്വീകരിച്ച നിലപാടിന് വിരുദ്ധമാണിത്. ഇത് തമിഴ്‌നാടിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മാത്രമേ ഉതകുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലപാടുമാറ്റത്തിന്റെ പിന്നിലെ പ്രേരണ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആവശ്യം. തുടക്കം മുതല്‍ കേരളം ഒറ്റശബ്ദത്തിലാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതികരിച്ചത്. നിയമസഭയെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ബഹുജന വികാരത്തെയും അവഗണിച്ചുകൊണ്ടുള്ള നിലപാടുമാറ്റം ദുരൂഹമാണ്. ഭയവിഹ്വലരായി കഴിയുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പുതിയ നിലപാട് വഞ്ചനാപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അധികാരത്തിലേറി 3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടുമാറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം നിര്‍ഭാഗ്യകരമെന്ന് മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു. ഗൗരവമുള്ള ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ച കൂടാതെ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ജനാധിപത്യ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച വി എസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ട് സുരക്ഷിതമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരേ സമരസമിതിയും രംഗത്തെത്തി. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് സമരസമിതി രക്ഷാധികാരി ഫാ.— ജോയി നിരപ്പേല്‍ വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ ആവശ്യകത മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ധരിപ്പിക്കും. തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സമരസമിതി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം ഡെമോക്ലസിന്റെ വാളു പോലെ നില്‍ക്കുന്ന അവസരത്തില്‍ ഏകപക്ഷീയമായി, കേരള സംസ്ഥാനത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമായി മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ് പറഞ്ഞു. പിണറായിയുടെ പ്രസ്താവന കേരളത്തിന്റെ വാദമുഖങ്ങളെ ബലഹീനമാക്കുമെന്ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്. തമിഴ്‌നാടിന്റെ ജലനിരപ്പ് 152 അടിയാക്കാനുള്ള നീക്കത്തെ ഇത് സഹായിക്കും. മുഖ്യമന്ത്രി പ്രസ്താവന പുനപ്പരിശോധിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. അതിനിടെ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളെ പരിഹസിച്ച്് വി ടി ബലറാം ഫേസ്ബുക്ക് പോസ്റ്റിട്ടു. നിലവിലെ ഡാം ഡീകമ്മീഷന്‍ ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നു മുമ്പ് പറഞ്ഞപ്പോള്‍ തനിക്കെതിരേ ബിജിമോള്‍ ഉയര്‍ത്തിയ വെല്ലുവിളിയെയാണ്് ബലറാം ആയുധമാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it