മുഖ്യമന്ത്രിയുടെ പരാതി തരംതാണ തട്ടിപ്പ്: കൈരളി ചാനല്‍

തിരുവനന്തപുരം: സരിതയുടെ കത്തു സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്ന് കൈരളി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത മുഖ്യമന്ത്രിക്ക് ചാനലിന്റെ മറുപടി. ചാനലിലെ രണ്ടു പ്രവര്‍ത്തകര്‍ക്കെതിരേ കേസുകൊടുത്ത മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തരംതാണ തട്ടിപ്പാണെന്ന് ചാനല്‍ എംഡിയും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസിന്റെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തനിക്ക് അപകീര്‍ത്തികരമായ വാര്‍ത്തയ്‌ക്കെതിരേ കേസ് കൊടുക്കാനുള്ള മുഖ്യമന്ത്രിയുടെ മൗലികമായ അവകാശത്തെ മാനിക്കുന്നു. എന്നാല്‍, നിയമത്തിന്റെയോ നടപടിക്രമത്തിന്റെയോ കീഴ്‌വഴക്കത്തിന്റെയോ പിന്‍ബലമില്ലാത്ത ഉണ്ടയില്ലാ വെടിയാണ് മുഖ്യമന്ത്രിയുടെ പരാതിയെന്നും ബ്രിട്ടാസ് മറുപടി നല്‍കി. വാര്‍ത്ത അപകീര്‍ത്തികരമാണെങ്കില്‍ അതു തയ്യാറാക്കിയ റിപോട്ടര്‍ക്കെതിരെയോ വാര്‍ത്താവിഭാഗം മേധാവിക്കെതിരെയോ പത്രാധിപര്‍ക്കെതിരെയോ സ്ഥാപനത്തിന്റെ തലവനെതിരെയോ ആണ് കേസ് കൊടുക്കേണ്ടതെന്ന നിയമം അറിയാത്ത ആളല്ല മുഖ്യമന്ത്രി. തനിക്ക് അപമാനം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി കരുതുന്ന വാര്‍ത്തയോട് ഒരു തരത്തിലും ബന്ധമില്ലാത്തവര്‍ക്കെതിരേയാണ് മുഖ്യമന്ത്രി പരാതി നല്‍കിയിരിക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രി ആക്ഷേപമുന്നയിക്കുന്ന രണ്ടു മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത വന്നദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കുന്നു.
ഇക്കാരണത്താല്‍ മുഖ്യമന്ത്രിയുടെ നടപടി പുകമറ സൃഷ്ടിക്കലാണ്. കേസ് തെളിയിക്കാനോ കുറ്റാരോപിതരെ ശിക്ഷിക്കാനോ സ്വന്തം നിരപരാധിത്വം തെളിയിക്കാനോ അല്ല മുഖ്യമന്ത്രി പരാതി കൊടുത്തതെന്നും ഇതിലൂടെ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പുകാലത്തു പറഞ്ഞുനടക്കാന്‍ ഒരു വക കിട്ടുമെന്നതു മാത്രമാണു ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it