മുഖ്യമന്ത്രിയുടെ കുടുംബത്തെ അധിക്ഷേപിച്ചില്ലെന്ന് വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നു പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പത്‌നിയെയും വിഎസ് അധിക്ഷേപിച്ചെന്ന കെ മുരളീധരന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു വിഎസ്. മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന പ്രാര്‍ഥനായോഗത്തില്‍ പോലും സരിത പങ്കെടുത്തെന്നു താന്‍ പറഞ്ഞതിനെയാവാം ആക്ഷേപിച്ചെന്നു മുരളീധരന്‍ പറഞ്ഞത്. സരിത സോളാര്‍ കമ്മീഷനു മുമ്പാകെ പറഞ്ഞ കാര്യം താന്‍ 'ക്വാട്ട് 'ചെയ്യുകയായിരുന്നു. അല്ലാതെ അതു താനായിട്ടുപറഞ്ഞതല്ലെന്നും വിഎസ് വിശദീകരിച്ചു.
സര്‍ക്കാരിനെതിരേ താന്‍ വാക്കൗട്ട് പ്രസംഗം തയ്യാറാക്കിയിരുന്നു. അതൊഴിവാക്കാന്‍ വേണ്ടി കിങ്ങിണിക്കുട്ടന്‍, കരുണാകരന്റെ മോന്‍ മുരളീധരനെ കൊണ്ട് ഒരു ദീര്‍ഘപ്രസംഗം നടത്തിയെന്നും അതിന് സ്പീക്കര്‍ ഇരുന്നുകൊടുത്തെന്നും വി എസ് കുറ്റപ്പെടുത്തി. മന്ത്രിസഭയില്‍ തമ്മിലടിയാണ്. മാണിയെ തഴഞ്ഞ് ബാബുവിനെ എങ്ങനെയും രക്ഷിക്കാനാണ് ശ്രമം. കുടിലബുദ്ധിക്കു പേരുകേട്ട മഹാഭാരതത്തിലെ ശകുനിയെപ്പോലും ഉമ്മന്‍ചാണ്ടി തോല്‍പ്പിച്ചു കളഞ്ഞു.
ശകുനി ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ തോറ്റു തുന്നംപാടും. മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വീടുകളിലേക്ക് ബാര്‍ ഉടമകളെ പറഞ്ഞുവിട്ട് കൈക്കൂലി കൊടുപ്പിച്ച് ആ പാവത്തിനെ തള്ളിത്താഴെയിട്ടു. മാണിയുടെ കിടപ്പുകണ്ട് നമ്മുടെ 'ശകുനി 'ഊറിച്ചിരിക്കുകയാണെന്നും വിഎസ് പറഞ്ഞു. കോഴ സര്‍ക്കാരെന്ന പൊന്‍തൂവല്‍ ഉമ്മന്‍ചാണ്ടിക്ക് തലയില്‍ ചൂടാം. തെരുവില്‍ക്കിടക്കുന്ന വാറുപൊട്ടിയ ചെരിപ്പിന്റെ സ്ഥിതിയിലാണ് മാണി. മാണി വാങ്ങിയതിന്റെ പത്തിരട്ടി കോഴവാങ്ങിയ ബാബു ഇപ്പോഴും കസേരയില്‍ ഞെളിഞ്ഞിരിക്കുകയാണെന്നും വിഎസ് പരിഹസിച്ചു.
Next Story

RELATED STORIES

Share it