palakkad local

മുഖ്യമന്ത്രിയുടെ ഉത്തരവിനു പുല്ലുവില; ആര്‍ടിഒ ഓഫിസില്‍ ആളില്ലാക്കസേരകള്‍

പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ യോഗങ്ങളൊ മറ്റു പരിപാടികളൊ നടത്തരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന് വിലകല്‍പ്പിക്കാതെ പാലക്കാട്ടെ ആര്‍ടിഒ ഓഫ#ിസ്. ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തി നടത്തുന്ന ഇത്തരം യോഗങ്ങള്‍ മൂലം പൊതുജനം ദുരിതത്തിലാവുകയാണ്.
ഓഫിസില്‍ ഉദ്യോഗസ്ഥരെ സീറ്റില്‍ കാണാതെ പൊതുജനം കയറിയിറങ്ങേണ്ടി വരുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫിസ് സമയത്ത് യോഗങ്ങളും മറ്റും ചേരരുതെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ പാലക്കാട്ടെ ആര്‍ടിഒ ഓഫിസ് ഈ നിര്‍ദേശത്തിന് യാതൊരു വിലയും കല്‍പ്പിച്ചിട്ടില്ല.
ഇവിടെ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷം ജീവനക്കാര്‍ പതിവായി യോഗം ചേരാറുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന യോഗം നാലുമണിയോടടുത്തെ അവസാനിക്കാറുളളു. എല്ലാ ജീവനക്കാരും യോഗത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനാല്‍ ആ സമയമത്രയും ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. ഇതു മൂലം നൂറുകണക്കിനാളുകളാണ് കഷ്ടതയനുഭവിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇവര്‍ ഓഫിസിലെ ആളില്ലാ കസേരകള്‍ കണ്ട് എന്തുചെയ്യണമെന്നറിയാതെ കാത്തിരിക്കേണ്ടി വരികയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കു തുടങ്ങിയ ജീവനക്കാരുടെ യോഗം അവസാനിച്ചത് മൂന്നരയ്ക്കായിരുന്നു. ഈ സമയമത്രയും ഓഫിസ് ആവശ്യത്തിന് എത്തിയവര്‍ വരാന്തകളിലും മറ്റുമായി സമയം ചിലവഴിച്ചു. ഓഫിസിലെ ആളില്ലാകസേരകള്‍ കണ്ട് ജനം പ്രതിഷേധിച്ചെങ്കിലും അതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ദിവസവും ഉച്ചയ്ക്കു രണ്ടു മുതല്‍ വൈകുന്നേരം നാലുവരെ മാത്രം പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്ട്രാക്ക് കൗണ്ടറും ഇന്നലത്തെ യോഗം കാരണം പണി മുടക്കി.
യോഗം കഴിഞ്ഞ് ജീവനക്കാര്‍ എത്തുമ്പോള്‍ ഓഫിസിനകത്ത് ആളുകള്‍ നിറഞ്ഞിരുന്നു. ഇതില്‍ പലര്‍ക്കും ഓഫിസ് കാര്യങ്ങള്‍ നടത്തികിട്ടിയതുമില്ല. ഇങ്ങിനെ ദിവസങ്ങളോളം കയറിയിറങ്ങി സമയം പാഴാകുന്നതിന്റെ വിഷമം ചില ആളുകള്‍ പങ്കുവെച്ചു. ഓരോ കാരണങ്ങള്‍ നിരത്തിയുളള ആര്‍ടിഒ ഓഫിസിലെ യോഗപരിപാടികള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it