മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി; ടീം സോളാര്‍ ഉപയോഗിച്ചിരുന്നത് വ്യാജ ലെറ്റര്‍പാഡ്

കൊച്ചി: ബിജു രാധാകൃഷ്ണനും ടീം സോളാറും ബിസിനസ് ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ വ്യാജ ലെറ്റര്‍പാഡാണ് ഉപയോഗിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ലതാ പണിക്കര്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക കത്തിന്റെ ശൈലി ആയിരുന്നില്ല ടീം സോളാറിന്റെ കൈവശമുണ്ടായിരുന്ന കത്തില്‍. സര്‍ എന്ന് സംബോധന ചെയ്തുകൊണ്ടാണ് ടീം സോളാര്‍ ഉപയോഗിച്ചിരുന്ന കത്തു തുടങ്ങുന്നത്. ഇത് മുഖ്യമന്ത്രിയുടെ കത്തിന്റെ രീതിയല്ല. ആ കത്തുകളില്‍ കാണിച്ച നമ്പരുകളിലുള്ള ഫയലുകളൊന്നും സെക്രട്ടറിയേറ്റില്‍ ഇല്ലായിരുന്നുവെന്നും ലതാ പണിക്കര്‍ മൊഴി നല്‍കി. എന്നാല്‍, കത്തിലെ ഒപ്പും സീലും മുഖ്യമന്ത്രിയുടേതിനു സാദൃശ്യം ഉള്ളതായിരുന്നുവെന്നും അവര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ റെജി ജേക്കബും ഡെപ്യൂട്ടി പോലിസ് സുപ്രണ്ട് ജി പ്രസന്നന്‍ നായരും സെക്രട്ടേറിയറ്റില്‍ വന്ന് തന്റെ മൊഴിയെടുത്തിരുന്നു. മൂന്ന് കത്തുകളുടെ പകര്‍പ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കാണിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അയക്കുന്ന കത്തുകളുടെ രീതിയില്‍ അല്ലാത്തതിനാല്‍ ആ മൂന്ന് കത്തുകളും വ്യാജമായി തയ്യാറാക്കിയതാണെന്ന് താന്‍ മനസിലാക്കുകയും അപ്രകാരം പറഞ്ഞിട്ടുള്ളതുമാണ്. അതേസമയം കത്തുകള്‍ ഒറിജിനല്‍ ആണോ എന്നറിയാനായി അതിലെ വിലാസക്കാര്‍ക്ക് അയച്ചിരുന്നോ എന്ന് ഓഫിസിലെ ഫയലുകളും രജിസ്റ്ററുകളും കംപ്യൂട്ടറുകളും പരിശോധിച്ചിരുന്നോ എന്ന് കമ്മീഷന്‍ സംശയം പ്രകടപ്പിച്ചു.
കത്തുകളില്‍ കാണിച്ച നമ്പരുകളിലുള്ള ഫയലുകളൊന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒറിജിനേറ്റ് ചെയ്തിട്ടില്ലെന്ന് ലതാ പണിക്കര്‍ മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ പ്രസന്നന്‍ നായര്‍ തന്റെ സാന്നിധ്യത്തില്‍ അവിടെയുള്ള ഡെസ്പാച്ച് ഫയല്‍ പരിശോധിക്കുന്നത് താന്‍ കണ്ടിരുന്നു. എന്നാല്‍, അതു സംബന്ധമായി ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തിരുന്നില്ലെന്നും അവര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിത എസ് നായരെ സെക്രട്ടേറിയറ്റില്‍ വച്ചു കണ്ടിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘം ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും മൊഴിയെടുത്തിട്ടില്ലെന്നും ലതാ പണിക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി എസ് ശ്രീകുമാറും കമ്മീഷന്‍ മുമ്പാകെ ഇന്നലെ മൊഴി നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്‍കിയ ചെക്കിനെ സംബന്ധിച്ചാണ് പി എസ് ശ്രീകുമാറിനോട് കമ്മീഷന്‍ ആരാഞ്ഞത്. 2012 ജൂലൈ ഒമ്പതിനു നല്‍കിയ ചെക്ക് പിന്നീട് പണമില്ലാത്തതിനാല്‍ മടങ്ങിയിരുന്നു. അതേദിവസം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഈ ചെക്കിന് അക്‌നോളജ്‌മെന്റ് ലെറ്റര്‍ നല്‍കിയിരുന്നോ എന്ന കമ്മീഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
മുഖ്യമന്ത്രി നേരിട്ടു സ്വീകരിച്ച ചെക്കിന് അക്‌നോളജ്‌മെന്റ് ലെറ്റര്‍ നല്‍കുന്നതിനു മുമ്പേ അദ്ദേഹം പുറത്തുപോയിരിക്കാമെന്നു സംശയിക്കുന്നതായും അദ്ദേഹം മൊഴി നല്‍കി. അതുപോലെ 2011 ആഗസ്ത് 8ന് മറ്റൊരു ചെക്കും സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിരുന്നു. സരിത എസ് നായരെ സെക്രട്ടേറിയറ്റില്‍ വച്ചു കണ്ടിട്ടില്ലെന്ന് പ്രൈവറ്റ് സെക്രട്ടറി മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിലവില്‍ സന്ദര്‍ശകര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it