മുഖ്യമന്ത്രിക്കെതിരേ സിബിഐ അന്വേഷണമില്ല; സരിത സമര്‍പ്പിച്ച ഹരജി തള്ളി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി മല്ലേലില്‍ ശ്രീധരന്‍നായര്‍ നല്‍കിയ കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നായിരുന്നു ഒന്നാംപ്രതിയായ സരിതയുടെ ആവശ്യം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതിമുറിയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്ന മുന്നറിയിപ്പോടെയാണ് ജസ്റ്റിസ് ബി കെമാല്‍പാഷ ഹരജി തള്ളിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്നും അദ്ദേഹത്തെ പ്രതിയാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.
യാതൊരു വിശ്വാസ്യതയുമില്ലാത്ത സ്ത്രീയാണ് ഹരജിക്കാരിയെന്നും കണ്ടവരെക്കുറിച്ചെല്ലാം കഥപോലെ പറയുകയാണെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. മുഖ്യമന്ത്രിക്കെതിരേ ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാരനായ ശ്രീധരന്‍നായരാണ് കോടതിയെ സമീപിക്കേണ്ടത്. പ്രതിയായ സരിത പരാതിക്കാരനുവേണ്ടി കേസുമായി വരുന്നതെങ്ങനെയാണ്. ഒരു പ്രതിക്ക് സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ല. പരാതിയുണ്ടെങ്കില്‍ വിചാരണക്കോടതിയിലാണ് അതു പറയേണ്ടത്. ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കോടതി വ്യക്തമാക്കി.
നീതിപൂര്‍വക അന്വേഷണത്തിന് സിബിഐയാണു വേണ്ടതെന്നും മുഖ്യമന്ത്രിയുടെ കീഴിലുള്ള അന്വേഷണത്തില്‍ പ്രസക്തിയില്ലെന്നുമായിരുന്നു സരിതയുടെ അഭിഭാഷകയുടെ വാദം.
Next Story

RELATED STORIES

Share it