Districts

മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തലിന് സരിത നിര്‍ദേശിച്ചതായി ബിജു രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖരുമായുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ സരിത നിര്‍ദേശിച്ചതായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നോടൊപ്പം സരിതയെയും ഹാജരാക്കിയിരുന്നു. കോടതിയില്‍ വച്ച് സരിത തന്നോടു വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയാനുണ്ടെന്നു പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള എല്ലാ വിവരങ്ങളും തുറന്നു പറയാനും ആര്യാടന്‍ ഷൗക്കത്ത്, ബഷീറലി ഷിഹാബ് തങ്ങള്‍, ഷിബു ബേബിജോണ്‍ എന്നിവരുടെ കാര്യങ്ങള്‍ എടുത്തുപറയാനും ശാലുവാണ് കമ്പനിയുടെ പണം ചെലവഴിച്ചതെന്നു പറയണമെന്നും ഡ്രൈവര്‍ വിനു മുഖേന സരിത തന്നോട് ആവശ്യപ്പെട്ടിരുന്നതായും ബിജു കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. തന്റെ അഭിഭാഷകനായ അഡ്വ. മോഹന്‍കുമാര്‍ മുഖേന നിരവധി തവണ സരിതയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ സരിതയുമായുള്ള സംഭാഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നും ബിജു മൊഴി നല്‍കി. കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ തലേദിവസവും സരിതയുമായി ഫോണില്‍ സംസാരിച്ചു. തന്റെ അഭിഭാഷകനായ മോഹന്‍കുമാറിന്റെ ഫോണില്‍ നിന്നാണ് സരിതയെ വിളിച്ചത്. ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് സരിത കട്ട് ചെയ്തു. പിന്നീട് മറ്റൊരു നമ്പറില്‍ നിന്നു തിരിച്ചുവിളിച്ചു. കമ്മീഷനു മുമ്പാകെ താന്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരേ വെളിപ്പെടുത്തല്‍ നടത്താന്‍ പോവുകയാണെന്നു സരിതയോടു പറഞ്ഞു. സരിത ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളായതു കൊണ്ടാണ് താന്‍ ഇക്കാര്യം സരിതയോടു പറയുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്നാണ് അന്നും സരിത ആവശ്യപ്പെട്ടത്. ശാലുവിനെക്കുറിച്ച് പറയാത്തതില്‍ പരിഭവവും പറഞ്ഞു. എന്നാല്‍, വെളിപ്പെടുത്തല്‍ നടത്തിയതിനുശേഷം സരിത അക്കാര്യം നിഷേധിച്ചത് തന്നെ ഞെട്ടിച്ചു. അതുകൊണ്ട് സരിതയുടെയും മോഹന്‍കുമാറിന്റെയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും സംഭാഷണങ്ങള്‍ 'റിക്കവറി' ചെയ്യുകയും വേണമെന്നു ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ടാങ്‌ജോങ് എന്ന കൊറിയന്‍ കമ്പനിയില്‍നിന്ന് ടീം സോളാറിന് ബിസിനസ് ഓഫര്‍ ലഭിച്ചിരുന്നു. കേരളത്തിലും ഇന്ത്യയിലും കിട്ടുന്ന വര്‍ക്കിന്റെ 20 ശതമാനം ലാഭവിഹിതം നല്‍കുമെന്നായിരുന്നു അവരുമായുണ്ടായിരുന്ന ധാരണ. ആപ്പിള്‍ ട്രീ ചിറ്റ്‌സിന്റെ ചങ്ങനാശ്ശേരി ചെയര്‍മാനും കോട്ടയം ഡിസിസി പ്രസിഡന്റുമായിരുന്ന ജെയിംസ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം 2012ല്‍ തന്നെ വന്നുകാണുകയും ബിസിനസില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമറിയിക്കുകയും ചെയ്തിരുന്നു. രണ്ടു തവണകളായി 40 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it