മുഖ്യമന്ത്രിക്കെതിരേ വിന്‍സന്‍ എം പോള്‍: അന്വേഷണത്തിനിടെ പലതവണ വിളിച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണ കാലയളവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പലതവണ വിളിച്ചെന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിന്റെ വെളിപ്പെടുത്തല്‍. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് വിളിച്ചതെന്നും മുഖ്യമന്ത്രിയുടെ ചേംബറില്‍വച്ചു പലതവണ സംസാരിച്ചെന്നും വിന്‍സന്‍ എം പോളിനെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചു. ബിജു രമേശിന്റെ കോഴ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് കേസില്‍ ആദ്യ എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നത്. എഫ്‌ഐആര്‍ സമര്‍പ്പിച്ചതിന് ശേഷം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും അന്വേഷണ ഘട്ടത്തില്‍ മുഖ്യമന്ത്രി തന്നെ പലതവണ വിളിച്ചിരുന്നു എന്നുമാണ് വിന്‍സന്‍ എം പോള്‍ വെളിപ്പെടുത്തിയത്.
വിശദ വിവരങ്ങള്‍ ഓര്‍ക്കുന്നില്ല. മാണിയെ സഹായിക്കണമെന്ന് ഒരിക്കലും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിന്‍സന്‍ എം പോള്‍ പറയുന്നു.
ഇതിനുമുമ്പ് എപ്പോഴെങ്കിലും ഉമ്മന്‍ചാണ്ടി സഹായം തേടിയിരുന്നോയെന്ന ചോദ്യത്തിന് ഒരിക്കല്‍ മാത്രം സഹായം ചോദിച്ചതായി വിന്‍സന്‍ എം പോള്‍ പറഞ്ഞതായി റിപോര്‍ട്ടിലുണ്ട്. ഒരു വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ചില്‍ ആയിരുന്നപ്പോഴാണ് സഹായം തേടിയത്. അദ്ദേഹത്തിന്റെ നാട്ടില്‍ കള്ളനോട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് ചിലര്‍ അറസ്റ്റിലായി. അവര്‍ കേസില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതില്‍ ഒരു സഹായവും ചെയ്യാനാവില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിന് അവസരം ഒരുക്കാമെന്നുമായിരുന്നു താന്‍ പറഞ്ഞതെന്നും ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it