Kerala

മുഖ്യമന്ത്രിക്കെതിരേ ഡിജിപി ജേക്കബ് തോമസ് നിയമ നടപടിക്ക്

തിരുവനന്തപുരം: ഫഌറ്റ് ഉടമകള്‍ക്കെതിരേ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഡിജിപി ജേക്കബ് തോമസ് നിയമനടപടിക്ക്. മുഖ്യമന്ത്രിക്കെതിരേ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കും ഡിജിപി ടി പി സെന്‍കുമാറിനും കത്ത് നല്‍കി. 10 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്വന്തം പ്രസ്താവന തിരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. കത്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെയൊന്നും താന്‍ വിമര്‍ശിച്ചിട്ടില്ല. അഗ്നിശമനസേനാ മേധാവിയായിരിക്കെ നിയമം നടപ്പാക്കാനാണു ശ്രമിച്ചത്. ജനസുരക്ഷ കണക്കിലെടുത്താണ് താന്‍ ഫഌറ്റുടമകള്‍ക്കെതിരേ നടപടി കൈക്കൊണ്ടതെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു. ഇങ്ങനെയുള്ള തന്നെയാണ് മുഖ്യമന്ത്രി ജനവിരുദ്ധനായി ചിത്രീകരിച്ചത്. ഇത് അപകീര്‍ത്തികരമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന പരിഗണന ലഭിച്ചില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.
അതേസമയം, തനിക്കെതിരേ നിയമനടപടിക്ക് ജേക്കബ് തോമസ് അനുമതി തേടിയാല്‍ അപ്പോള്‍ തന്നെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അനുമതി തേടിയിട്ടുണ്ടോയെന്ന് ചീഫ് സെക്രട്ടറിയോട് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രിക്കെതിരേ കേസ് നല്‍കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ചാണ് അനുമതി നിഷേധിച്ചത്. സ്ഥാനമൊഴിഞ്ഞതിനു ശേഷം നിയമ നടപടി സ്വീകരിക്കാം. ഇക്കാര്യം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചു. അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്നും സ്വകാര്യ പരാതിയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it