മുഖ്യമന്ത്രിക്കെതിരേ കോടിയേരി ബാലകൃഷ്ണന്‍; ആഭ്യന്തരമന്ത്രിക്ക് പോലും മുഖ്യമന്ത്രിയെ വിശ്വാസമില്ല

കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചതോടെ ആഭ്യന്തരമന്ത്രിക്കു പോലും വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം. കത്ത് രമേശ് ചെന്നിത്തല നിഷേധിക്കുന്നുണ്ടെങ്കിലും അതിലെ ഉള്ളടക്കം തള്ളിക്കളയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവുന്നില്ല. കെ മുരളീധരനും പന്തളം സുധാകരനുമടക്കമുള്ള നേതാക്കളുടെ പ്രസ്താവനകള്‍ അതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയംഗം പോലുമല്ലാത്ത ആളെ സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നില്‍ ആര്‍എസ്എസ് തീരുമാനമാണെന്നും കോടിയേരി പറഞ്ഞു. മാറാട്, നിലയ്ക്കല്‍ കലാപം പോലുള്ള കലാപങ്ങള്‍ വീണ്ടും ആസൂത്രണം ചെയ്യന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനമാണിത്. പശ്ചിമ ബംഗാളിലും ഇതേ നിലപാടുമായി മുന്നോട്ട് പോവാനാണ് ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി പറഞ്ഞു. റബര്‍ കര്‍ഷകരെ രക്ഷിക്കാനെന്ന വ്യാജേന 300 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കിവച്ചത്. ഉമ്മന്‍ചാണ്ടിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ കെട്ടിക്കിടക്കുന്ന ഏഴര ലക്ഷം ടണ്‍ റബര്‍ ഏറ്റെടുക്കുന്നതിന് 3500 കോടി സഹായധനം പ്രഖ്യാപിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികളെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുകയാണ്. വര്‍ഷത്തില്‍ നൂറ് ദിവസം ജോലി നല്‍കുകയെന്ന പദ്ധതിലക്ഷ്യം പ്രാവര്‍ത്തികമക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ സമയത്താണ് തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അക്കാലത്ത് പദ്ധതി നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നുവെങ്കിലും പിന്നീട് വന്ന യുപിഎ സര്‍ക്കാരിനോ ബിജെപി സര്‍ക്കാരിനോ പദ്ധതിയോട് താല്‍പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു കോടി ജനങ്ങള്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം ജോലി ലഭിച്ചത്. നൂറ് ദിവസം ജോലി ലഭിച്ചത് 25 ലക്ഷം ജനങ്ങള്‍ക്ക് മാത്രമാണ്. ഇതില്‍ 127 കോടി ജോലി ചെയ്ത വകയില്‍ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു.
താമസസ്ഥലത്തു നിന്ന് അഞ്ചു കി മീ ചുറ്റളവില്‍ ജോലി ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രമിക്കണം. തൊഴില്‍ സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാക്കി നിജപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജൈവകൃഷി പോലുള്ള കാര്യങ്ങള്‍ തൊഴിലുറപ്പിലൂടെ പ്രോത്സാഹിപ്പിച്ചാല്‍ നൂറു ദിവസം ജോലി എന്നത് ഉറപ്പാക്കാനാവും. ഇതിനായി ഫണ്ട് നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it