മുഖ്യമന്ത്രിക്കും സരിതയ്ക്കും ഒരേ പരിഗണന: കമ്മീഷന്‍

കൊച്ചി: സാക്ഷികളെന്ന നിലയില്‍ മുഖ്യമന്ത്രിക്കും സരിത എസ് നായര്‍ക്കും തന്റെ മുന്നില്‍ ഒരേ പരിഗണനയാണെന്നും 14 മണിക്കൂര്‍ മൊഴി നല്‍കിയത് വലിയ കാര്യമൊന്നുമല്ലെന്നും ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍. കമ്മീഷന് മൊഴി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 14 മണിക്കൂറുകളാണ് ചെലവഴിച്ചതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ അഡ്വ. രാജു ജോസഫ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കമ്മീഷന്റെ പ്രതികരണം.
സരിത നായരെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. എസ് ശ്രീകുമാര്‍ ക്രോസ് വിസ്താരം നടത്തുന്നതിനിടെയാണ് അഡ്വ. രാജു മുഖ്യമന്ത്രി 14 മണിക്കൂര്‍ മൊഴി നല്‍കിയ കാര്യം പറഞ്ഞത്. താനാണ് തിരുവനന്തപുരത്തുപോയി മുഖ്യമന്ത്രിയുടെ മൊഴിയെടുത്തതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതു കൊണ്ടു മാത്രമാണ് അദ്ദേഹത്തിന്റെ മൊഴിയെടുപ്പ് നീണ്ടുപോയത്. അതുകൊണ്ട് 14 മണിക്കൂര്‍ ഇരുന്നത് വലിയ ക്രെഡിറ്റായി പറയാനൊന്നുമില്ല. സാക്ഷിയെന്ന നിലയിലാണ് അദ്ദേഹത്തെ വിസ്തരിച്ചത്. എട്ട് ബി പ്രകാരം തനിക്കു മുന്നില്‍ നോട്ടീസ് കിട്ടിയ രണ്ടു സാക്ഷികളാണ് സരിതയും മുഖ്യമന്ത്രിയുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ക്രോസ് വിസ്താരം തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണി കമ്മീഷനില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സോളാര്‍ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് ചോദിക്കുന്നില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കുകയും തേജോവധം നടത്തുകയുമാണ് ചെയ്യുന്നതെന്ന് സരിത കമ്മീഷനെ ബോധിപ്പിച്ചു.
ഇത് ക്രിമിനല്‍ കോടതിയല്ല. സാക്ഷികളുടെ മുന്‍ കേസുകളുടെ ഉള്ളറകളിലേക്ക് ഇറങ്ങേണ്ട കാര്യം കമ്മീഷനില്ല. കമ്മീഷന്റെ പരിഗണനാവിഷയമായ കാര്യങ്ങളെന്തെല്ലാമാണെന്ന് പഠിച്ചുവേണം ചോദ്യങ്ങള്‍ ചോദിക്കാന്‍. ആരെയും തേജോവധം ചെയ്യാമെന്ന് കരുതരുത്. അതിനുള്ള സ്ഥലം ഇതല്ല. സരിതയെ അപകീര്‍ത്തിപ്പെടുത്തുന്ന മട്ടിലുള്ള കൂടുതല്‍ ചോദ്യങ്ങള്‍ അനുവദിക്കില്ല. അങ്ങനെ ചെയ്താല്‍ അത് രേഖപ്പെടുത്തില്ല. പരിധിവിട്ടാല്‍ നിയന്ത്രിക്കുക തന്നെ ചെയ്യും. താന്‍ പ്രവര്‍ത്തിക്കുന്നത് 1952ലെ കമ്മീഷന്‍ എന്‍ക്വയറി ആക്ടനുസരിച്ചാണ്. തെളിവുനിയമത്തിനു പോലും ഇവിടെ വലിയ പ്രസക്തിയില്ലെന്നും ശിവരാജന്‍ വ്യക്തമാക്കി. എത്ര പേരാണ് മുഖ്യമന്ത്രിക്കുവേണ്ടി കമ്മീഷനിലുള്ളതെന്നും ഇത് ഇരുതല മൂര്‍ച്ചയുള്ള വാളാകുമെന്ന് ബോധ്യമുണ്ടോയെന്നും കമ്മീഷന്‍ ചോദിച്ചു.
Next Story

RELATED STORIES

Share it